ഫെബ്രുവരി 4 – ദുബായിൽ ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് തുടക്കമായി

GCC News

വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് ( National Science Technology and Innovation Festival – NSTI) ഫെബ്രുവരി 4, ചൊവാഴ്ച്ച ദുബായ് ഫെസ്റ്റിവൽ അരീനയിൽ തുടക്കമായി. 71,000 ദിർഹം സമ്മാനമായുള്ള ഏറ്റവും മികച്ച എമിരേറ്റ്സ് യുവ ശാസ്‌ത്രജ്ഞനെ (Emirates Young Scientist) ഈ മേളയിൽ വെച്ചാണ് തിരഞ്ഞെടുക്കുക.

യു എ ഇ ഈ ഫെബ്രുവരി നൂതനാശയങ്ങളുടെ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. നാല് ദിവസത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേളയ്ക്ക് ശേഷം ശനിയാഴ്ച്ചയാണ് ഈ വിജയിയെ തിരഞ്ഞെടുക്കുക. വിദ്യാർത്ഥികൾ ഒരുക്കുന്ന 100-ൽ പരം ശാസ്ത്ര പദ്ധതികൾ വിലയിരുത്തിയ ശേഷമായിരിക്കും വിധികര്‍ത്താക്കൾ മികച്ച യുവ ശാസ്‌ത്രജ്ഞനെ കണ്ടെത്തുക.

മേളയുടെ അവസാന ദിനമായ ഫെബ്രുവരി 8, ശനിയാഴ്ച്ച മികച്ച യുവ ശാസ്‌ത്രജ്ഞനെ കൂടാതെ മേളയിലെ വിവിധ വിഭാഗങ്ങളിലെ വിജയികളെയും തിരഞ്ഞെടുക്കും. ഇത്തവണ 2,472 വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളുടെ മത്സരങ്ങൾക്ക് പുറമെ വിവിധ പരിശീലനക്കളരികളും, ശാസ്ത്ര അവതരണങ്ങളും, വിദ്യാർത്ഥി പദ്ധതികളെ വാണിജ്യപരമായ പദ്ധതികളാക്കിമാറ്റാനുള്ള വിദഗ്‌ദ്ധരായവരൊരുക്കുന്ന പരിശീലനങ്ങളും, മുഴുവൻ കുടുംബത്തിനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങൾ എന്നിവ മേളയുടെ ഭാഗമായുണ്ട്.