ഒരു വ്യാധിയോ, പ്രകൃതി ദുരന്തമോ മതി മനുഷ്യൻ എന്ന മഹാബുദ്ധിശാലിയുടെ, ശാസ്ത്രവളർച്ചയുടെ കുറുകേ നിന്ന് വഴിമുടക്കാൻ. ഇന്ന് നാം ഈ വസ്തുത ശരിവയ്ക്കുന്നു എന്ന് COVID-19 (കൊറോണ വൈറസ്) അനിയന്ത്രിതമായി ലോകത്താകമാനം പടരുന്നത് കാണുമ്പോൾ മനസ്സിലാകുന്നു. രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് വിശ്വാസ്യതയും, സുതാര്യതയും കൈവരുന്നത് യാത്രകളിലൂടെയാണ്. ലോകത്തിത്രമാത്രം ഈ വ്യാധി പടരാൻ കാരണവും നമുക്ക് ഇന്ന് ലഭിക്കുന്ന യാത്രാസൗകര്യങ്ങൾ കാരണമാണെന്നും മനസ്സിലാക്കുന്നു. പണ്ടെല്ലാം ഒരു പകർച്ചവ്യാധിക്ക് ദൂരപരിധിയുണ്ടായിരുന്നു, എന്നാലിന്നത് അതിർത്തികൾ താണ്ടി ലോകത്തേ ഏതു കോണിൽവേണമെങ്കിലും എത്താവുന്ന മാരക വിപത്തായി മാറുന്നത് കാലം നൽകിയ സൗകര്യങ്ങളുടെ മറുവശമായി കണക്കാക്കാം.
വളർന്നു വരുന്ന ശാസ്ത്ര പരീക്ഷണങ്ങളും, ‘അങ്ങിനെയെങ്കിൽ ഇതുകൂടി കണ്ടുപിടിച്ചാലെന്താ?’ എന്ന മനുഷ്യൻറെ സ്വാർത്ഥ ചിന്തയും നാം നേരിടുന്ന നൂതന വ്യാധികളുടെ പുറകിലില്ലേ എന്നും ചിലർ സംശയിക്കുന്നു. ഗിനി പന്നികളിൽ ഒതുങ്ങിനിന്നിരുന്ന പല മരുന്ന് പരീക്ഷണങ്ങളും ഇന്ന് മനുഷ്യരിൽ നടത്തിവരുന്നു എന്നും കേൾക്കുന്നു, ശരിയും തെറ്റും ചികയുന്നതിനോടൊപ്പം ഒരു ചുമവന്നാൽ മനുഷ്യൻ പരസ്പ്പരം നോക്കി മാറി ഇരിക്കുന്ന ന്യായവും കാണാതെ പോകരുത്. മരുന്ന് ശാഖകൾ വിപുലമായി വളർന്നു വന്നിരിക്കുന്നു, മരുന്ന് കമ്പനികൾക്ക് അസുഖവും തികയാതെ വന്നിരിക്കുന്നു എന്ന് തോന്നിപ്പോകും വിധം മരുന്നുകൾ, പല നിറത്തിലുള്ളവ, നീളത്തിലും, വട്ടത്തിലും, കഴിക്കാൻ എളുപ്പമുള്ളതും അങ്ങിനെ പലവിധം മരുന്നുകൾ മനുഷ്യനെ ആവരണം ചെയ്യുന്നു. പലവിധ ചോദ്യങ്ങളാണ് ഇന്ന് ഓരോ മനസ്സുകളിലും. മുൻപെല്ലാം കണ്ടുപിടുത്തങ്ങൾക്കും, ആരോഗ്യപരിപാലനത്തിനും പ്രത്യേകം വിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കയ്യിൽ മൊബൈലും ഇന്റർനെറ്റും അല്പം ക്രിയാത്മകതയുമുള്ള ആരും ഉപദേശകന്റെ മേലങ്കിയണിയുന്നു എന്നത് ആപത്കരമായ ഒരു അവസ്ഥയാണ്. ഏത് സന്ദർഭത്തിൽ എന്ത് പറയണം എന്ന് അറിയാത്ത ഒരു സാമൂഹിക അവസ്ഥകൂടി സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകുമ്പോൾ ഈ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. മരണത്തിന്റെ എണ്ണം നോക്കി വാർത്തകളുടെ ഖനം നോക്കുന്ന നമ്മുടെ വികൃതിയായ മനസ്സും ഈ ആശങ്ക നിലനിർത്താൻ സഹായിക്കുന്നു എന്നത് ഖേദകരം.
ഇന്ന് വർദ്ധിച്ച് വരുന്ന ഈ ആശങ്കൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നു പറയുന്നവരും നമുക്കിടയിൽ ഉണ്ടെന്നത് വിചിത്രമായി തോന്നിയേക്കാം. എല്ലാം സ്വന്തം വീട്ടുമുറ്റത്തെത്തുമ്പോൾ മാത്രം സങ്കീർണമായി ചിന്തിക്കുന്ന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷെ ഇത്തരം ഒരു വ്യാധിയെ ലോകം ഒന്നായി അഭിമുഖീകരിക്കുമ്പോൾ “ഇതിൽ ഭയപ്പെടേണ്ടതില്ല, മറിച്ച് നാം ഒരു സന്ദർഭത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും, പരസ്പ്പരം കരുതലുണ്ടായിരിക്കണം” എന്ന് പറയാൻ ശബ്ദമുള്ളവർ ശ്രമിച്ചാൽ പരസ്പ്പരം ധൈര്യം പകരാൻ ഉപകാരപ്പെടുന്നു. കാരണം ഈ വ്യാധിക്ക് ദൂരപരിധിയില്ല, അതിർത്തികൾ കടന്നുള്ള പലായനങ്ങൾ ഈ വ്യാധിയെയും പരത്തുന്നു. ദൈനംദിന ജീവിതത്തിൽ നാം പുലർത്തേണ്ടുന്ന ചില ശുചിത്വ ശീലങ്ങളും, അവനിൽ നിന്നും എനിക്ക് അസുഖം പടരാതിരിക്കട്ടെ എന്ന സ്വാർത്ഥ ചിന്തയോടൊപ്പം എന്നിലെ വ്യാധി അവനിലേയ്ക്കും പകരാതിരിക്കട്ടെ എന്ന വിശാല ചിന്തകൂടി നമുക്കുള്ളിൽ ഉണ്ടായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.
നാം വിരൽത്തുമ്പിലൂടെ നടന്നു മനസ്സിലാക്കിയ ലോകത്തിനപ്പുറത്തൊരു ലോകം ഉണ്ടെന്നു മനസ്സിലാക്കുന്നു, ഏതു ചർച്ചകൾ എത്ര വ്യാപ്തിയിൽ, ഏതു വിപത്തുകൾ എത്രമാത്രം പ്രഹര ശേഷിയിൽ എന്നൊക്കെ നിർണ്ണയിക്കാൻ കഴിയുന്ന മറ്റൊരു ലോകവും നമ്മുടെ കാണാമറയത്തുണ്ടെന്നു തോന്നിപ്പോകുന്നു. കളിപ്പാവകളെപോലെ ലോകത്തിന്റെ വിവിധ മൂലയിലിരുന്നു ആശയങ്ങളെ നുള്ളിപ്പെറുക്കി നാം പലതും ചർച്ചചെയ്യുന്നു. ലോകാരോഗ്യ സംഘടനകൾക്ക് മുന്നിലും, ലോകരാജ്യങ്ങൾക്ക് മുന്നിലും മൂന്നു ചോദ്യങ്ങൾ സാധാരണക്കാർ എന്ന നിലയിൽ നമുക്ക് ചോദിക്കാനാകും .
എവിടെനിന്ന് തുടക്കം? മിണ്ടാപ്രാണികളിൽ നിന്നോ അതോ മനുഷ്യനെന്ന കൗശല ബുദ്ധിയിൽനിന്നോ?
ഈ വൈറസ് ശാസ്ത്രത്തിനു പറ്റിയ ഒരു അബദ്ധമാണോ, അതോ നടക്കുന്നത് പരീക്ഷണമാണോ?
ഇതിലെത്ര മാത്രം ആശങ്കപ്പെടാനുണ്ട്? പൊതുജനങ്ങൾക്കറിയേണ്ട, പക്ഷെ നമ്മുടെ മന്ത്രാലയങ്ങൾക്കും, ലോക ആരോഗ്യ സങ്കടനയ്ക്കും തുറന്ന ചർച്ചകൾ നടത്തേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമല്ലേ?
“മഹാവ്യാധികൊണ്ടും പണം നേടിടും
മഹാവിപത്താലും പണം നേടിടും
നേടിയതും കൊണ്ട് വീണ്ടും നേടിടും
അവസാനം ഒരിറ്റു ശ്വാസം കൊതിച്ചിടും…”
ഉത്തരങ്ങൾ ഇല്ലാത്ത ഈനിമിഷത്തിൽ ഈ വരികളോർത്തുപോകുന്നു. ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ലോകം ഒറ്റകെട്ടായി ഈ മഹാവ്യാധിയുടെ യാത്ര തടയട്ടെ എന്ന് പ്രത്യാശിക്കാം.
ശുചിത്വം ശീലമാക്കുക, പരസ്പ്പരം കരുത്തേകുക…
പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ