സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി അബുദാബി

Business

അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസിൽ നിന്നും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019-ൽ അബുദാബിയിൽ സന്ദർശനം നടത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 2018-ലേക്കാൾ 10.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അബുദാബി മീഡിയ ഓഫീസ് 2019-ൽ മാത്രം 11.35 ദശലക്ഷം യാത്രികർ അബുദാബിയിൽ സന്ദർശനം നടത്തിയതായി ട്വിറ്ററിൽ കുറിച്ചു.

വിനോദസഞ്ചാരമേഖലയിലെ ലോകനിലവാരത്തിലുള്ള ഒരു സഞ്ചാരയിടമായി അബുദാബി തുടരുന്നു എന്ന് അടിവരയിടുന്നതാണ് ഈ കണക്കുകൾ. വിനോദസഞ്ചാരമേഖലയിൽ ഒരു വർഷത്തിനിടെ ആകർഷകമായ വളർച്ചയാണ് അബുദാബി രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാണ്ട് 5.1 ദശലക്ഷം അതിഥികൾക്കാണ് 2019-ൽ അബുദാബി താമസ സൗകര്യങ്ങളും മറ്റും ഒരുക്കിയത്. ഹോട്ടൽ വ്യവസായ രംഗം 2019-ൽ 5.8 ബില്യൺ ദിർഹം വരുമാനത്തോടെ 6.6 ശതമാനത്തിന്റെ ശക്തമായ വളർച്ച രേഖപ്പെടുത്തി.