ലോക്ക്ഡൌണിനു ശേഷമുള്ള പ്രാദേശിക സാമ്പത്തിക സൂചികകൾ ആത്മവിശ്വാസം നൽകുന്നതാണെന്ന് സൗദി ധനകാര്യ മന്ത്രി

Business

COVID-19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ രാജ്യത്ത് പ്രകടമാകുന്ന സാമ്പത്തിക സൂചികകൾ ആത്മവിശ്വാസം നൽകുന്നതാണെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ഉയർത്തിയ പ്രതിസന്ധിയോളം ഭീകരതയുള്ള മറ്റൊന്ന് ലോകം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സ്ഥിരത സംബന്ധിച്ച ഒരു സെമിനാറിൽ ഡിസംബർ 6-ന് നടത്തിയ പ്രഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.

ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നടപടികളാണ് സൗദിയിൽ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി രാജ്യത്തെ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി, സൗദി സെൻട്രൽ ബാങ്ക് എന്നിവർ സൗദിയിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 3.4 ശതമാനത്തോളം വരുന്ന പ്രത്യേക സാമ്പത്തിക പാക്കേജുകൾ വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു. മറ്റു G20 രാഷ്ട്രങ്ങളിൽ ഇത്തരം സാമ്പത്തിക പാക്കേജുകൾ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 9 ശതമാനത്തോളം ശരാശരി നൽകേണ്ടിവന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ സാമ്പത്തിക മേഖലയിൽ ഈ വർഷം അവസാനത്തോടെ ഏതാണ്ട് 3.2 ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിച്ചിരുന്നതിനാൽ, COVID-19 മഹാമാരിയുടെ വെല്ലുവിളി വാണിജ്യ, സാമ്പത്തിക മേഖലകളിൽ വരുത്തിയ ആഘാതം രൂക്ഷമായിരുന്നെങ്കിലും സാമ്പത്തിക പാക്കേജുകൾ ഇവയിൽ നിന്ന് കരകയറാൻ പര്യാപ്തമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഏതാണ്ട് 200 ബില്യൺ റിയാലിന് മുകളിൽ വരുന്ന ഈ സാമ്പത്തിക പാക്കേജുകൾ കൃത്യമായി ഓരോ മേഖലകളിലേക്കും എത്തിക്കാൻ സാധിച്ചതിനാൽ അവ വാണിജ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.”, അൽ ജദാൻ കൂട്ടിച്ചേർത്തു.

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോട് കൂടിയതും, വേഗതയോട് കൂടിയതുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ വകുപ്പുകളും കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരും തമ്മിലുള്ള ഏകോപനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊതു ആരോഗ്യ വകുപ്പും, സ്വകാര്യ ആരോഗ്യ മേഖലയും തമ്മിലുള്ള സംയോജിത പ്രവർത്തനങ്ങളും വൈറസ് വ്യാപനം തടയുന്നതിൽ പങ്ക് വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ വാണിജ്യ മേഖലയിൽ കാണുന്ന പുരോഗതി ശുഭപ്രതീക്ഷകൾ നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.