സ്കൈ പോഡ് – നഗര യാത്രയ്ക്ക് അത്യന്താധുനിക സംവിധാനങ്ങളൊരുക്കാൻ ദുബായ്

GCC News

നഗരത്തിലെ യാത്രകൾക്കായുള്ള അത്യന്താധുനിക സംവിധാനമായ സ്കൈ പോഡുകൾ ദുബായിൽ യാഥാർഥ്യമാകുന്നു. ഭാവിയിലെ നഗര യാത്രയ്ക്കുള്ള ഈ കേബിൾ കാർ നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൈ പോഡ് നിർമാതാക്കളിൽ ഒന്നായ യു കെ യിലെ ബീം കാർ ലിമിറ്റഡും ഒപ്പ് വെച്ചതായി RTA ബുധനാഴ്ച്ച അറിയിച്ചു.

വായുവിലൂടെ പണിതിട്ടുള്ള റെയിലുകളിലൂടെ സ്റ്റീൽ ചക്രങ്ങളുടെ സഹായത്തോടെയാണ് ഈ സംവിധാനത്തിൽ സ്‌കൈ പോഡുകൾ സഞ്ചരിക്കുക. നഗരത്തിലെ സഞ്ചാരങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള സ്കൈ പോഡുകളാണ് ഈ കാരാർ പ്രകാരം ബീം കാർ നിർമ്മിക്കുന്നത്. ചെറിയ വലിപ്പവും, ഭാരം കുറഞ്ഞതുമായ ഇവ ഇന്ധനക്ഷമതയിൽ ഏറെ മുന്നിലാണ്. നടപ്പിലാക്കാൻ കുറഞ്ഞ സ്ഥലസൗകര്യങ്ങൾ മാത്രം മതി എന്നത് ഭാവിയിലെ നഗരങ്ങളിലെ യാത്രകൾക്ക് ഇവയെ പ്രിയപ്പെട്ടതാക്കുന്നു.

15 കിലോമീറ്റർ നീളത്തിൽ 21 സ്റേഷനുകളോട് കൂടിയായിരിക്കും ഈ കേബിൾ കാർ നെറ്റ്‌വർക്ക് നടപ്പിലാക്കുന്നത്. ഒരു മണിക്കൂറിൽ ഒരു വശത്തേയ്ക്ക് 8,400 യാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയും.