ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വന്നവർ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം ക്വാറൻൈറൻ നിർബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അവർക്ക് രോഗം ഉണ്ടെന്ന് അതിന് അർഥമില്ല. ഇവരെ പരിചരിക്കുന്ന ബന്ധുക്കൾ സാമൂഹിക കൂട്ടായ്മകളിൽ പോവരുത്. ഇവർ ജോലിക്കും പോവരുത്. സ്വകാര്യ മേഖലയിലായാലും സർക്കാർ മേഖലയിലായാലും ഇവർക്ക് മതിയായ അവധി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കും. അവധി എടുക്കുന്നത് കൊണ്ട് ജോലി നഷ്ടമാവുമെന്ന പേടി ആർക്കും വേണ്ട. ഇപ്രകാരം അവധി എടുക്കുന്ന വിദ്യാർഥികൾക്കും ഹാജർ കണക്കാക്കും. ഒഴിവാക്കാനാത്ത പരീക്ഷകൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറെ ബന്ധപ്പെട്ടാൽ പരിഹാരം ഉണ്ടാക്കുമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു.
വുഹാനിൽനിന്നും വന്ന ഒരുപാട് പേർ നേരിട്ട് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുന്നുണ്ട്. അവരോടുള്ള നന്ദി മന്ത്രി അറിയിച്ചു.
കൊറോണ വൈറസിന് നിപ്പ വൈറസിനെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും നിപ്പയേക്കാൾ മൂന്നിരട്ടി വേഗത്തിൽ രോഗം പകരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലക്ഷണം ഇല്ലാത്ത സമയത്തും രോഗം പകരും. പ്രമേഹവും ഹൃദയ രോഗങ്ങളും ഉള്ളവർക്ക് അസുഖം ബാധിച്ചാൽ മരണകാരണമായേക്കാം. ശ്രദ്ധയാണ് ചികിത്സ. നമുക്ക് കരുതിയിരിക്കാം-മന്ത്രി പറഞ്ഞു.