ഒമാൻ: ജനങ്ങൾ ഒത്തുചേരുന്നത് COVID-19 കേസുകൾ കൂടുന്നതിന് ഇടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

Family & Lifestyle GCC News Oman

ഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഒമാനിൽ കണ്ടുവരുന്ന രോഗബാധിതരുടെ എണ്ണത്തിലെ വലിയ വർദ്ധനവിന് കാരണം ഇതാണെന്ന് പറഞ്ഞ ഇദ്ദേഹം, പൊതുജനങ്ങൾ സമൂഹ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തി. വിവിധ ആഘോഷങ്ങൾക്കും, ചടങ്ങുകൾക്കും ആളുകൾ ഒത്തുചേരുന്നത് രോഗവ്യാപനത്തിൽ വർദ്ധനവിന് കരണമാകുന്നുണ്ടെന്ന് ഡോ. അൽ ഹോസാനി ഒമാനിലെ സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് വ്യക്തമാക്കി.

വൈറസ് വ്യാപനം രൂക്ഷമാണെന്ന് അറിയിച്ച അദ്ദേഹം, നിലവിൽ ഒമാൻ കൊറോണാ വൈറസ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും പൊതുജനങ്ങൾ വളരെയധികം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ഒമാനിൽ വിദേശ തൊഴിലാളികളുടെ ഇടയിൽ രോഗബാധ വർദ്ധിക്കുകയാണ്. ഇന്നലെ (ജൂൺ 14) ഒമാനിൽ സ്ഥിരീകരിച്ച 1404 COVID-19 കേസുകളിൽ 1004 രോഗബാധിതരും വിദേശികളാണെന്നത് ഇത് അടിവരയിടുന്നു. “തൊഴിലാളികളുടെ ഇടയിലും സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകളും, ഒത്തുചേരലുകളും രോഗവ്യാപനം കൂട്ടുന്നുണ്ട്. നിലവിൽ സമൂഹ അകലം മാത്രമാണ് കൊറോണ വൈറസിനെ ചെറുക്കാനായി നമ്മുടെ മുന്നിലുള്ള ഏക പോംവഴി.” അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഗം വ്യാപിച്ചിട്ടും പൊതുസമൂഹം ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഒത്തുചേരലുകൾ തുടരുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് ഡോ. അൽ സൈദി വിലയിരുത്തിയിരുന്നു.