കുവൈറ്റിലെ ഇന്ത്യക്കാർക്കായി സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു

GCC News

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ടെലി-കൺസൾട്ടേഷൻ സംവിധാനത്തിലൂടെ സൗജന്യമായി മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും നൽകുന്ന സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ ഡോക്ടർസ് ഫോറത്തിന്റെ (IDF) സഹായത്തോടെയാണ് ഈ സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം നടപ്പിലാക്കുന്നതെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഏപ്രിൽ 23-നാണ് എംബസി ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും ആവശ്യമാകുന്ന കുവൈറ്റിലെ ഇന്ത്യക്കാർക്ക് ഈ ടെലി-കൺസൾട്ടേഷൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

COVID-19 മഹാമാരിക്കിടയിലും രോഗബാധിതർക്ക് ആവശ്യമായ ആരോഗ്യ പരിചരണ ഉപദേശങ്ങളും, നിർദ്ദേശങ്ങളും നൽകുന്നതിനാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ പങ്കെടുക്കുന്ന മുഴുവൻ ഡോക്ടർമാരും സ്വമേധയാ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്തതാണെന്നും എംബസി വ്യക്തമാക്കി. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ഏറ്റവും അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സഹായങ്ങൾ ഉറപ്പാക്കാനും എംബസി ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

https://indembkwt.gov.in/pdf/Press%20Release-Free%20Medical%20Teleconsultations%20Panel.pdf എന്ന വിലാസത്തിൽ നിന്ന് ഈ സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്ന ഡോക്ടർമാരുടെ വിവരങ്ങൾ, ഓരോ ഡോക്ടറുടെയും വൈദഗ്‌ദ്ധ്യം, ഫോൺ നമ്പർ, ടെലി-കൺസൾട്ടൻസി സേവനം ലഭിക്കുന്ന ദിവസം, സമയം, സേവനങ്ങൾ ലഭ്യമാകുന്ന ഭാഷ, ഇമെയിൽ വിലാസം എന്നിവ അറിയാവുന്നതാണ്. നിലവിൽ ഈ പട്ടികയിൽ മലയാളത്തിൽ ഉൾപ്പടെ ടെലി-കൺസൾട്ടൻസി സേവനം നൽകുന്ന 44 ഡോക്ടർമാരുടെ വിവരങ്ങൾ ലഭ്യമാണ്.

ഈ സംവിധാനത്തിലൂടെ മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും മാത്രമാണ് നൽകുന്നതെന്നും ചികിത്സ, മരുന്നുകൾ കുറിക്കുക മുതലായ സേവനങ്ങൾ ലഭ്യമല്ലെന്നും (കുവൈറ്റിൽ ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്) എംബസി അറിയിച്ചിട്ടുണ്ട്.