കുവൈറ്റ്: അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പെർമിറ്റുകൾ കൂടാതെ സംഭാവനകൾ പിരിക്കുന്ന വ്യക്തികൾക്കും, സംഘടനകൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് കുവൈറ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്. സംശയകരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇത്തരത്തിൽ അനധികൃതമായി സംഭാവനകൾ പിരിച്ചെടുത്തിട്ടുള്ള ഏതാനം വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ മുൻപാകെ കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ശുപാർശകൾ സമർപ്പിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുവൈറ്റിലെ നിയമങ്ങൾ അനുസരിച്ച് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സിൽ നിന്നുള്ള ഔദ്യോഗിക പെർമിറ്റ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ പിരിക്കാൻ വ്യക്തികൾക്കും, സംഘടനകൾക്കും അനുമതിയില്ല. സംഭാവനകൾ സ്വീകരിക്കുന്ന നടപടികൾ ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരു മാസം മുൻപ് മുൻകൂറായി ഇത്തരം പെർമിറ്റുകൾ നേടേണ്ടതാണ്.