ഹോപ്പ് – യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ബാഹ്യാകാശപേടകത്തിന്റെ നിർമ്മാണം പൂർത്തിയായി

GCC News

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ പുറംപാളിയിലെ അവസാന ഭാഗം ഫെബ്രുവരി 18, ചൊവ്വാഴ്ച്ച സ്ഥാപിച്ചു. ജൂലായിൽ വിക്ഷേപിക്കാനിരിക്കുന്ന ഈ ബാഹ്യാകാശപേടകത്തിന്റെ നിർമ്മാണത്തിലെ അവസാന ഘട്ടത്തിന് സാക്ഷികളാകാൻ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ എത്തിയിരുന്നു.

ചൊവ്വാഴ്ച്ച സ്ഥാപിച്ച അവസാന ലോഹ ഭാഗത്തിൽ യു എ ഇയുടെ ഭരണാധികാരികളുടെയും സുപ്രീം കൗൺസിൽ അംഗങ്ങളുടെയും ഒപ്പുകൾ ചാർത്തിയുട്ടുണ്ട്. “പ്രത്യാശയുടെ പ്രതാപത്തിൽ ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയുന്നു” എന്ന സന്ദേശം ആലേഖനം ചെയ്ത ഈ ലോഹ ഭാഗത്തിൽ അബുദാബിയിൽ 2020 ജനുവരി ആദ്യം നടന്ന ചടങ്ങിൽ വെച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദും ചേർന്ന് ഒപ്പ് വെച്ചിരുന്നു.

“യു എ ഇയുടെ യുവത്വത്തിന്റെ കഴിവുകളുടെ ഒരു ചിഹ്നമാണ് ഹോപ്പ് ബാഹ്യാകാശപേടകം എന്നും, അറബ് യുവജനതയ്ക്കുള്ള ഒരു സന്ദേശമാണെന്നും” ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ അവസാനഘട്ടത്തിലെ ഒരുക്കങ്ങളും മറ്റും വിലയിരുത്തികൊണ്ട് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. യു എ ഇയുടെ വളർച്ചയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഈ മുഹൂർത്തം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014 മുതൽ 150 പേരടങ്ങുന്ന എമിറാത്തി എൻജിനീയർമാർ യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. ജപ്പാനിലെ താനെഗേഷിമ സ്പേസ് സെന്ററിൽ (Tanegashima Space Centre) നിന്ന് ജൂലായ് 14-നും ഓഗസ്റ് 3-നും ഇടയിലായിരിക്കും ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വിക്ഷേപണം.