2020 ഒക്ടോബർ മുതൽ പത്ത് ദശലക്ഷം തീർത്ഥാടകർ സുരക്ഷിതമായി ഉംറ അനുഷ്ഠിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടനം പുനരാരംഭിക്കുന്നതിന് മുൻപ്, 2020 ഒക്ടോബർ 4 മുതൽ നടപ്പിലാക്കിയ ‘സുരക്ഷിത ഉംറ’ നടപടികൾ തീർത്ഥാടകരുടെയും, പൊതുസമൂഹത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് ഏറെ സഹായകരമായതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നെത്തുന്നവർക്കായി ഇതുവരെ പന്തീരായിരത്തിലധികം ഉംറ വിസകൾ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 10 മുതൽ ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം സെപ്റ്റംബർ 9 മുതൽ എഴുപതിനായിരമാക്കി ഉയർത്തിയിട്ടുണ്ട്.
തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എല്ലാ നടപടികളും ഉറപ്പാക്കുന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലേക്ക് തീർത്ഥാടകരുൾപ്പടെ പ്രതിമാസം 3.5 വിശ്വാസികൾക്ക് പ്രവേശനം നൽകുന്നതിനായാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഉംറ തീർത്ഥാടകരും, ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന സന്ദർശകരും രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിരിക്കിണം എന്ന വ്യവസ്ഥ നിർബന്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കർശനമായ സുരക്ഷാ മുൻകരുതലുകളോടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തിയതായി ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് നേരത്തെ അറിയിച്ചിരുന്നു.
സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് ഹജ്ജ് മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് ദിവസം അറിയിച്ചിരുന്നു. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുൾപ്പടെയുള്ള യാത്രികർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനു മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം (Muqeem) പോർട്ടലിലൂടെ പൂർത്തിയാക്കണമെന്നും സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Photo: Saudi Press Agency.