സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം പത്ത് ദശലക്ഷം കടന്നു

featured GCC News

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി അറിയിച്ചു. 2023 ജനുവരി 2-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഇത്തവണത്തെ റിയാദ് സീസൺ ആരംഭിച്ച 2022 ഒക്ടോബർ 21 മുതൽ ഇതുവരെ സൗദിയ്ക്ക് അകത്ത് നിന്നും, പുറത്ത് നിന്നുമായി പത്ത് ദശലക്ഷത്തിലധികം സന്ദർശകർ ഈ മേളയിലെത്തിയതായി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ട്വിറ്ററിൽ കുറിച്ചു.

Source: Riyadh Season.

പുതുവർഷ വേളയിൽ റിയാദ് സീസണിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

Source: Riyadh Season.

‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് 2022 നവംബർ 22-ന് തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തിരുന്നു.

ബുലവാർഡ് വേൾഡ് തുറന്ന ശേഷം റിയാദ് സീസണിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.

Source: Riyadh Season.

2022 ഒക്ടോബർ 21-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.

Cover Image: Boulevard World Zone in Riyadh Season 2022. Source: Riyadh Season.