അബുദാബി: ജൂൺ 24 മുതൽ എമിറേറ്റിലെ മ്യൂസിയങ്ങളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും തുറക്കാൻ തീരുമാനം

Family & Lifestyle GCC News

എമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. ജൂൺ 24 മുതൽ അബുദാബിയിലെ തിരഞ്ഞെടുത്ത മ്യൂസിയങ്ങളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുക്കും. സന്ദർശകരുടെയും, ജീവനക്കാരുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇത്തരം കേന്ദ്രങ്ങളിൽ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. ലൂവർ അബുദാബി, ഖസ്ർ അൽ ഹൊസൻ, ഖസ്ർ അൽ മുവൈജി, അൽ ജാഹിലി ഫോർട്ട്, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസിസ്‌ മേഖല, കൾച്ചറൽ ഫൗണ്ടേഷന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ സന്ദർശകർക്കായി തുറന്നു കൊടുക്കുക എന്ന് DCT വ്യക്തമാക്കി.

സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുക്കുന്നത്, എമിറേറ്റിലെ നിവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള വലിയൊരു നടപടിയാണെന്ന് DCT അണ്ടർസെക്രട്ടറി സഊദ് അൽ ഹോസാനി അഭിപ്രായപ്പെട്ടു. ലോക്ക്ഡൌൺ കാലയളവിൽ എമിറേറ്റിലെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഈ കേന്ദ്രങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൂവർ അബുദാബി, ഖസ്ർ അൽ ഹൊസൻ എന്നിവിടങ്ങളിൽ ഓൺലൈനിലൂടെ മുൻകൂറായി ടിക്കറ്റുകൾ എടുക്കേണ്ടതാണ്. ഈ രണ്ട് കേന്ദ്രങ്ങളിലും 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് നിലവിൽ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് DCT അറിയിച്ചു. ലൂവർ അബുദാബി രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയായിരിക്കും പ്രവർത്തിക്കുക (തിങ്കൾ അവധി). മറ്റു കേന്ദ്രങ്ങൾ രാവിലെ 10 മുതൽ 7 വരെയായിരിക്കും (വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 7 വരെ) സന്ദർശകരെ സ്വീകരിക്കുക.

ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ്വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്

‘ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ്വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്’ (Furusiyya – The Art of Chivalry between East and West) എന്നു പേരിട്ടിരിക്കുന്ന, മദ്ധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്ന അശ്വാരൂഢരായ വീരയോദ്ധാക്കളെക്കുറിച്ചുള്ള, പ്രത്യേക എക്സിബിഷൻ ലൂവർ അബുദാബിയിൽ ജൂലൈ 1 മുതൽ ഒക്ടോബർ 18 വരെ നടക്കുന്നതാണ്. ഫെബ്രുവരി 19 മുതൽ മെയ് 30 വരെ നടക്കേണ്ടിയിരുന്ന ഈ പ്രദർശനം, COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇടയ്ക്ക് നിർത്തിവെക്കുകയായിരുന്നു.

ചക്രവർത്തിമാരും, രാജാക്കന്മാരും, പ്രഭുക്കളും, പോരാളികളും അടങ്ങുന്ന ഒരു വലിയ സമൂഹം വലിയ യുദ്ധങ്ങളിലൂടെയും, സാഹസികമായ പോരാട്ടങ്ങളിലൂടേയും, പിടിച്ചടക്കലുകളിലൂടെയും രചിച്ച ചരിത്രങ്ങളിലേക്കും ആ കാലഘട്ടത്തിലെ ജീവിതത്തിലേക്കുമുള്ള കാഴ്ച്ചകളുടെയും അറിവുകളുടെയും ഒരു വാതിൽ തുറക്കുകയാണ് ഈ എക്സിബിഷൻ. കലാസൃഷ്‌ടികളിലൂടെയും, അപൂര്‍വ്വമായ കൈയെഴുത്ത് പ്രതികളിലൂടെയും, പ്രബന്ധങ്ങളിലൂടെയും, ആയുധങ്ങളിലൂടെയും, പോരാളികളുടെ യുദ്ധമുന്നണിയിലെ വേഷവിധാനങ്ങളിലൂടെയും ഒരു കാലഘട്ടത്തിലെ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു ഈ പ്രദർശനം.