യു എ ഇ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് ഉപഭോക്താക്കൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പുറത്തിറക്കുന്ന പരസ്യങ്ങൾക്കെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 ജൂൺ 12-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കിംവദന്തികളും, തെറ്റായ വാർത്തകളും, സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുമുള്ള യു എ ഇ നിയമം ’34/ 2021′ -ലെ ആർട്ടിക്കിൾ 48 പ്രകാരം, തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ എന്നിവ ഉൾപ്പെടുന്ന തരത്തിലുള്ള പരസ്യങ്ങളിലൂടെ വസ്തുക്കൾ, സേവനങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്കായി വിവരസാങ്കേതിക ശൃംഖലകൾ, ഇൻഫർമേഷൻ ടെക്‌നോളജി സംവിധാനങ്ങൾ, ഓൺലൈൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്ക് തടവും, 20000 മുതൽ അഞ്ച് ലക്ഷം വരെ ദിർഹം പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഇത്തരം പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് ഡിജിറ്റൽ കറൻസി, വിർച്യുൽ കറൻസി, യു എ എ ഔദ്യോഗികമായി അംഗീകരിക്കാത്ത പണമിടപാട് സേവനങ്ങൾ എന്നിവ പരസ്യം ചെയ്യുന്നവർക്കും, ഇത്തരം സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കും, അവ സംബന്ധിച്ച ഇടപാടുകൾ നടത്തുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

WAM