സൗദി: രണ്ട് തവണ ഉംറ അനുഷ്ഠിക്കുന്നവർക്ക് തീർത്ഥാടനങ്ങൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധം

GCC News

ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി. തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പരമാവധി പേർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

തീർത്ഥാടകർക്ക് രണ്ട് തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം ഉണ്ടെങ്കിലും, 14 ദിവസത്തെ ഇടവേളയ്ക്കു ശേഷം മാത്രമേ രണ്ടാമത് ഉംറ തീർത്ഥാടനത്തിനായി ബുക്ക് ചെയ്യുന്നതിന് അനുമതി നൽകുകയുള്ളൂ എന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പരമാവധി പേർക്ക് ഉംറ നിർവഹിക്കുന്നതിനുള്ള അവസരം നൽകുന്നതിനായാണ് ഇത്തരം ഒരു ഇടവേള നിർബന്ധമാക്കുന്നതെന്നും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ സാമൂഹിക അകലം, മറ്റു ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ പാലിച്ച് കൊണ്ട് പരമാവധി അനുവദനീയമായ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്ടോബർ 4 മുതൽ മുതൽ ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനും, ആദ്യ ഘട്ടത്തിൽ സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകാനുമാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 18-നും 65-നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർക്ക് മാത്രമാണ് അനുമതി നൽകുന്നത്. ഇത്തവണത്തെ ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി പൂർണ്ണമായും ‘I’tamarna’ സ്മാർട്ട്ഫോൺ ആപ്പിലൂടെയാണ് നടപ്പിലാക്കുന്നത്.

ഒക്ടോബർ 4 മുതലാരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ‘I’tamarna’ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുവരെ 35000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവരം.