പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ; സന്ദർശകർക്ക് പ്രവേശനമില്ല

featured UAE

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2021 ജൂലൈ 15 മുതൽ 18 വരെയും, ജൂലൈ 22 മുതൽ 25 വരെയും നടത്തുമെന്ന് അധികൃതർ അറിയിച്ചു. അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.

കർശനമായ COVID-19 പ്രതിരോധ നിബന്ധനകളോടെയാണ് ഈ വർഷത്തെ ലിവ ഡേറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെത്തന്നെ, ഈ വർഷവും മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല.

2021-ലെ ലിവ ഡേറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് മേളയിലേക്ക് പ്രവേശനം നൽകുന്നത്. എല്ലാ വർഷവും അറുപതിനായിരത്തിൽ പരം സന്ദർശകർ പങ്കെടുക്കാറുള്ള ലിവ ഡേറ്റ് ഫെസ്റ്റിവൽ, ഗൾഫ് മേഖലയിൽ നിന്നുള്ള മുന്തിയ ഈന്തപ്പഴ ഇനങ്ങളെ സന്ദർശകർക്ക് അടുത്തറിയുന്നതിനും, വാങ്ങുന്നതിനുമുള്ള അവസരമാണ്. ഇതിനു പുറമെ മികച്ച രൂപഭംഗിയുള്ള ഈന്തപ്പഴം, ഏറ്റവും വലിയ ഈന്തപ്പഴ കുല, ഏറ്റവും രുചിയേറിയ ഈന്തപ്പഴം മുതലായ നിരവധി വിഭാഗങ്ങളിലായി ലക്ഷകണക്കിന് ദിർഹം സമ്മാനത്തുകയുള്ള അതീവ വാശിയോടെയുള്ള മത്സരങ്ങളുടെ വേദികൂടിയാണ് ലിവയിലെ ഈന്തപ്പഴ മഹോത്സവം.

ഇത്തവണയും സന്ദർശകർക്ക് പ്രവേശനമില്ലെങ്കിലും, മേളയുടെ തനത് വീറും വാശിയും നിലനിർത്തുന്നതിനായി വിവിധ മത്സര വിഭാഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ രൂപഭംഗി അടിസ്ഥാനമാക്കി 11 മത്സരഇനങ്ങളും, ഏഴോളം പഴങ്ങളുടെ മത്സരഇനങ്ങളും, മികച്ച കൃഷിത്തോട്ടം കണ്ടെത്തുന്നതിനുള്ള മൂന്ന് മത്സരങ്ങളും ഈ വർഷത്തെ മേളയിൽ നടത്തുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഈന്തപ്പന, ഈന്തപ്പഴം എന്നിവയുടെ സാംസ്‌കാരിക പ്രാധാന്യത്തിന്റെ ആഘോഷത്തോടൊപ്പം, രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവും ലിവ ഡേറ്റ് ഫെസ്റ്റിവൽ നിറവേറ്റുന്നു.

WAM