ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി ഈ വർഷം നവംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ ടോൾ ഗേറ്റുകളുടെ പ്രവർത്തന ചുമതലയുള്ള സാലിക് തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്ന അവസരത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് സാലിക് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എമിറേറ്റിലെ പ്രധാന റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ഈ രണ്ട് ഗേറ്റുകളും സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഈ രണ്ട് ഇടങ്ങളിൽ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് തീരുമാനിച്ചത്.