ദുബായ്: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 20 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

UAE

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 20 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു. എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നടപടികൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളിലാണ് ദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ നവംബർ 5-ന് ഈ വീഴ്ച്ചകൾ കണ്ടെത്തിയത്.

സമൂഹ അകലം സംബന്ധിച്ചുള്ള അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച്ചകൾക്കാണ് ഈ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ദുബായിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളിലും ഏതാനം തുറന്ന മാർക്കറ്റുകളിലുമാണ് കഴിഞ്ഞ ദിവസം അധികൃതർ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ 649 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, https://consumerrights.ae/ എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.