യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; അർദ്ധവാർഷിക എമിറേറ്റൈസേഷൻ സമയപരിധി ജൂൺ30 വരെ

featured GCC News

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ അർദ്ധവാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ30 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2023 ഏപ്രിൽ 26-നാണ് MoHRE ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്വകാര്യ മേഖലാ കമ്പനികളിലെ വിദഗ്ധ പദവികളിൽ 1% സ്വദേശിവത്കരണം എന്ന അർദ്ധവാർഷിക ലക്‌ഷ്യം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ30-ന് അവസാനിക്കുന്നതാണ്. 2023 ജൂലൈ മുതൽ, സ്വദേശിവത്കരണം സംബന്ധിച്ച് ആവശ്യമായ അർദ്ധവാർഷിക നിരക്ക്, 2022-ൽ ലക്ഷ്യമിട്ടിരുന്ന നിരക്ക് എന്നിവ നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമെന്ന രീതിയിൽ (ഓരോ ആറ് മാസത്തെ കാലയളവിലും 1% വെച്ച്) ഉയർത്തുന്നത് സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.

പിഴ ഒഴിവാക്കുന്നതിനായി കമ്പനികൾ അർദ്ധവാർഷിക എമിറേറ്റൈസേഷൻ ടാർഗെറ്റ് വർദ്ധന കൈവരിക്കണമെന്നും, നൈപുണ്യമുള്ള ജോലികളിൽ എമിറാത്തി ജീവനക്കാരെ നിയമിക്കുന്നതിന് നാഫിസ് നൽകുന്ന പിന്തുണ പ്രയോജനപ്പെടുത്തണമെന്നും എമിറേറ്റൈസേഷൻ കാര്യങ്ങളുടെ ആക്ടിംഗ് അണ്ടർസെക്രട്ടറിയും തൊഴിൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഐഷ ബെൽഹാർഫിയ സ്വകാര്യ മേഖലയിലെ കമ്പനികളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്ന് യു എ ഇ MOHRE നേരത്തെ അറിയിച്ചിരുന്നു.

WAM