ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 മെയ് 9-ന് ദുബായിൽ ആരംഭിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ടും, ദുബായ് എയർപോർട്ട്സ് ചെയർമാനുമായ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം എയർപോർട്ട് ഷോ 2023 ഉദ്ഘാടനം ചെയ്തു.
ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ട് എക്സിബിഷനുകളിലൊന്നായ എയർപോർട്ട് ഷോയിൽ വിമാനത്താവള ഡിജിറ്റലൈസേഷൻ മേഖലയിലെ ഏറ്റവും നവീന ആശയങ്ങൾ, സുസ്ഥിരതയിലൂന്നിയുള്ള സാങ്കേതികവിദ്യകൾ എന്നിവ അവതരിപ്പിക്കപ്പെടുന്നതാണ്.
എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ മെയ് 11 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് എയർപോർട്ട് ഷോ സംഘടിപ്പിക്കുന്നത്.
വിമാനത്താവള വ്യവസായം ലോകമെമ്പാടും അതിന്റെ നഷ്ടപ്പെട്ട വളർച്ച വീണ്ടെടുത്തതായും, പൂർണ്ണശക്തിയിലേക്ക് തിരികെ എത്തിയതായും മേള ഉദ്ഘാടനം ചെയ്തുകൊണ്ട് H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു. തുടർന്ന് അദ്ദേഹം ഈ പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രദർശകർ ഈ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ എയർപോർട്ട് ഷോയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.
Cover Image: @HHAhmedBinSaeed