ദുബായ്: ഇരുപത്തിരണ്ടാമത് അറബ് മാധ്യമ ഉച്ചകോടി ആരംഭിച്ചു

GCC News

അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 29 വരെ നീണ്ട് നിൽക്കും. മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയാണിത്.

ദുബായ് സെക്കൻഡ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇരുപത്തിരണ്ടാമത് അറബ് മാധ്യമ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

രണ്ടാമത് അറബ് യൂത്ത് മീഡിയ ഫോറം ഇതോടൊപ്പം അരങ്ങേറുന്നുണ്ട്. ഇത്തവണത്തെ അറബ് മീഡിയ ഫോറത്തിൽ മാധ്യമ മേഖലയിൽ നിന്നുള്ള നാലായിരത്തിലധികം പ്രമുഖർ പങ്കെടുക്കുന്നുണ്ട്.