പാം ജുമേയ്‌റയിലെ ദി പോയിന്റിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് പതിപ്പിന് തുടക്കമായി. തുടർന്ന് അതിഗംഭീരമായ വെടിക്കെട്ട്, വിസ്മയകരമായ ഫൗണ്ടൈൻ കാഴ്ച്ചകൾ എന്നിവ അരങ്ങേറി.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഓ അഹ്‌മദ് അൽ ഖാജ, നഖീൽ ചീഫ് അസറ്റ്സ് ഓഫീസർ ഒമർ ഖൂറി തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF-ന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നീണ്ട് നിൽക്കും.
46 ദിവസം നീണ്ട് നിൽക്കുന്ന DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു. DSF മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇരുപത്തെട്ടാമത് പതിപ്പിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ദി പോയിന്റിൽ 2023 ജനുവരി 29 വരെ തുടരുന്നതാണ്. എല്ലാ പ്രായവിഭാഗക്കാർക്കും ആസ്വദിക്കാനാകുന്ന ഗംഭീരമായ കാഴ്ച്ചകൾ ഇതിന്റെ ഭാഗമായി അരങ്ങേറും.
പാം ജുമേറയെ പ്രദക്ഷിണം വെക്കുന്ന രീതിയിൽ അരങ്ങേറുന്ന ‘സീ-വണ്ടർ’ കാർണിവൽ പരേഡ് എല്ലാവർക്കും മാസ്മരികമായ ഒരു ദൃശ്യാനുഭവമായിരിക്കും. അതിശയോക്തിപരമായ രീതിയിൽ അണിയിച്ചൊരുക്കിയ കടൽ കഥാപാത്രങ്ങൾ ഈ പരേഡിൽ പങ്കെടുക്കും.
ജുമേയ്‌റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ സംഘടിപ്പിക്കുന്ന പ്രത്യേക DSF ഡ്രോൺ ലൈറ്റ് ഷോയും ഈ മേളയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന വിസ്മയക്കാഴ്ച്ചകളിലൊന്നാണ്. മേഖലയിൽ ഏറ്റവും കൂടുതൽ കാലമായി നടന്ന് വരുന്ന ഡ്രോൺ ഷോ എന്ന പ്രത്യേകതയുള്ള ഈ 3D ഡ്രോൺ ലൈറ്റ് ഷോ ദിനവും രാത്രി 7 മണിക്കും, 10 മണിക്കുമാണ് സംഘടിപ്പിക്കുന്നത്. പുതുവർഷരാവിൽ രാത്രി 8 മണിക്കും, 11 മണിക്കുമാണ് ഈ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
WAM