ഒമാൻ: ഇരുപത്തെട്ടാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ സമാപിച്ചു

GCC News

ഇരുപത്തെട്ടാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 മാർച്ച് 2-ന് സമാപിച്ചു.

ഇത്തവണത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ മുപ്പത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുത്തതായും, തങ്ങളുടെ ‘വിജ്ഞാന സമ്പത്ത്’ പങ്ക് വെച്ചതായും പുസ്തകമേളയുടെ ഡയറക്ടർ അഹ്‌മദ്‌ ബിൻ സൗദ് അൽ റഹാവി അറിയിച്ചു. മേളയുടെ ഭാഗമായി കുട്ടികൾക്കായുള്ളത് ഉൾപ്പടെ 130-ൽ പരം പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.

ഇരുപത്തൊമ്പതാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേള 2025 ഏപ്രിൽ 23 മുതൽ മെയ് 2 വരെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പ്രധാന അതിഥിയായി നോർത്ത് അൽ ശർഖിയ ഗവർണറേറ്റിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെയാണ് ഇരുപത്തെട്ടാമത്‌ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്. അൽ ദഹിരാഹ് ഗവർണറേറ്റായിരുന്നു ഇത്തവണത്തെ പുസ്തകമേളയിലെ പ്രത്യേക അതിഥി.

847 പുസ്തക പ്രസാധകരാണ് ഇത്തവണത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുത്തത്. ഏതാണ്ട് ആറ് ലക്ഷത്തിലധികം പുസ്തകങ്ങൾ ഈ വർഷത്തെ മസ്കറ്റ് അന്താരാഷ്ട്ര പുസ്തക മേളയിൽ ഉൾപ്പെടുത്തിയിരുന്നു.