ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ ഇന്ന് (2023 ഡിസംബർ 8, വെള്ളിയാഴ്ച) ആരംഭിക്കും. മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ വരവേൽക്കുന്നതിനായി ദുബായ് അലങ്കാരവിളക്കുകളും, മായക്കാഴ്ചകളുമായി ഒരുങ്ങിക്കഴിഞ്ഞു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. മേഖലയിൽ ഏറ്റവും കൂടുതൽ കാലമായി നടന്ന് വരുന്ന ഡ്രോൺ ഷോ എന്ന പ്രത്യേകതയുള്ള ഈ 3D ഡ്രോൺ ലൈറ്റ് ഷോ ദിനവും രാത്രി 8 മണിക്കും, 10 മണിക്കുമാണ് സംഘടിപ്പിക്കുന്നത്.
DSF-ന്റെ ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ നീണ്ട് നിൽക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) ഈ മേള സംഘടിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്ന DSF ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്നു. DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവിനോപ്പം അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.