29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ആരംഭിക്കും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2025 ഏപ്രിൽ 23 മുതൽ മെയ് 2 വരെയാണ് 29-മത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ചാണ് ഈ മേള നടത്തുന്നത്.
ഈ മേളയുടെ ഭാഗമായി നിരവധി സാംസ്കാരിക, കലാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ പ്രധാന അതിഥിയായി നോർത്ത് അൽ ശർഖിയ ഗവർണറേറ്റിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇക്കാരണത്താൽ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ചരിത്രം, സാംസ്കാരിക പെരുമ, ശാസ്ത്രീയമായ സംഭാവനകൾ തുടങ്ങിയവ അടയാളപ്പെടുത്തുന്ന പരിപാടികളും, പ്രദർശനങ്ങളും അരങ്ങേറുന്നതാണ്. 29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിൽ മുപ്പത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കുന്നതാണ്.
അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.