സൗദി: റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടു

Saudi Arabia

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്.

ഡിസംബർ 1-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരമുള്ള കണക്കുകൾ ഉദ്ധരിച്ച് കൊണ്ടാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിയാദ് സീസൺ 2021 ഏതാണ്ട് ഒന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിൽ 37000-ത്തോളം നേരിട്ടുള്ള തൊഴിലവസങ്ങളും, 85000 മറ്റു തൊഴിലവസരങ്ങളും ഉൾപ്പെടുന്നു.

Source: Saudi Press Agency.

മേളയിൽ പങ്കെടുക്കുന്നതിനായി തദ്ദേശീയരും, വിദേശികളുമായ നിരവധി പേരാണ് ഓരോ ദിവസവും റിയാദിലെത്തുന്നത്. റിയാദിൽ നിന്ന് മാത്രം ഏതാണ്ട് 3.6 ദശലക്ഷം പേർ മേളയിലെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒന്നരലക്ഷത്തിലധികം പേരും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരും റിയാദ് സീസൺ 2021 സന്ദർശിച്ചിട്ടുണ്ട്.

Source: Saudi Press Agency.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്. 2021 ഒക്ടോബർ 20-ന് തുർക്കി അൽ ഷെയ്ഖാണ് ഈ മേള ഉദ്ഘാടനം ചെയ്തത്. ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ഗംഭീരമായ പരേഡ്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, അതിഗംഭീരമായ വെടിക്കെട്ട് മുതലായവ സംഘടിപ്പിച്ചിരുന്നു.