യു എ ഇ: രാജ്യത്ത് COVID-19 മൂലം മരിച്ചവരിൽ 40 ശതമാനം പേരും പ്രമേഹ രോഗം ഉണ്ടായിരുന്നവരെന്ന് അധികൃതർ

Family & Lifestyle GCC News

യു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ജൂൺ 15-ലെ കൊറോണ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് യു എ ഇ സർക്കാർ പ്രതിനിധി ഡോ. അംന അൽ ദഹക് അൽ ഷംസി ഈ വിവരം പങ്ക് വെച്ചത്. രോഗം സങ്കീർണ്ണമാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത്, പ്രമേഹ രോഗബാധിതർക്ക് COVID-19 ബാധയേൽക്കുന്നതിനുള്ള സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനങ്ങളോട് അവർ ആഹ്വാനം ചെയ്തു.

പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, പ്രമേഹം ഉള്ളവർ എന്നിവർ COVID-19-നെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട ഡോ. അംന അൽ ഷംസി, ഈ വിഭാഗത്തിൽപെടുന്നവരോട് രോഗബാധയേൽക്കുന്നതിനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ നിർദ്ദേശിച്ചു.

ഇത്തരം ആളുകൾ മാസ്കുകൾ മുതലായ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വീഴ്ചകൂടാതെ ഉപയോഗിക്കാനും, പൊതുഇടങ്ങളിൽ പോകുന്ന സാഹചര്യങ്ങളിൽ സമൂഹ അകലം പുലർത്താനും ഡോ. അൽ ഷംസി ആവശ്യപെട്ടിട്ടുണ്ട്. നിലവിൽ കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധത്തിൽ മാസ്കുകൾക്കും, സമൂഹ അകലം പാലിക്കുന്നതിനും നിർണ്ണായകമായ പങ്കുണ്ടെന്ന് അവർ ജനങ്ങളെ ഓർമിപ്പിച്ചു. ആരോഗ്യപരമായ ജീവിത ശൈലികളും, ആഹാരക്രമങ്ങളും ശീലമാക്കാനും അവർ ആഹ്വാനം ചെയ്തു.

നിലവിലെ സാഹചര്യങ്ങൾ യു എ ഇയിൽ ഏറെ പ്രതീക്ഷ നൽകുന്നതാന്നെന്നും, ആശ്വാസം പകരുന്നതാണെന്നും അഭിപ്രായപ്പെട്ട അവർ, ജനങ്ങളോട് സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ച്കളില്ലാതെ പാലിക്കാൻ ആവശ്യപ്പെട്ടു. യു എ ഇയിൽ ഇതുവരെ 291 പേരാണ് COVID-19 നെ തുടർന്ന് മരിച്ചത്.