എമിറേറ്റിലെ വാഹനങ്ങളുടെ ട്രാഫിക്ക് പിഴ തുകകളിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി 2021 ജനുവരി 15 വരെ നീട്ടാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി. അജ്‌മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ കാലയളവിൽ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികളും, ട്രാഫിക്ക് പോയിന്റുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020 നവംബർ 23-ന് മുൻപ് നടന്ന ട്രാഫിക്ക് നിയമലംഘനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതെന്ന് അൽ നുഐമി അറിയിച്ചു.
എന്നാൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനങ്ങൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വാഹനങ്ങളുടെ എഞ്ചിൻ, വാഹനത്തിന്‍റെ ചട്ടക്കൂട് എന്നിവയിൽ അനധികൃതമായി വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, COVID-19 പ്രതിരോധ നിയമങ്ങളുടെ ലംഘനങ്ങൾ എന്നിവയ്ക്ക് ചുമത്തിയിട്ടുള്ള ട്രാഫിക് പിഴ തുകകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.