രാജ്യത്ത് 2023 ജനുവരി 1 മുതൽ നടപ്പിലാക്കിയ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ അറുപതിനായിരം പേർ രജിസ്റ്റർ ചെയ്തതായി യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. 2023 ജനുവരി 3-നാണ് MoHRE ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 90 ശതമാനം പേരും വാർഷികാടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കുന്ന രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് MoHRE അറിയിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ 86 ശതമാനം പേരും വെബ്സൈറ്റിലൂടെയാണ് ഈ പദ്ധതിയിൽ പങ്ക് ചേർന്നിരിക്കുന്നത്.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായാണ് ഇത്തരം ഒരു തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി MoHRE നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയിൽ യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും പങ്ക് ചേരാവുന്നതാണ്.
ഈ പദ്ധതിയുടെ കീഴിലുള്ള രജിസ്ട്രേഷൻ 2023 ജനുവരി 1-ന് ആരംഭിച്ചിരുന്നു. https://www.iloe.ae/index.html എന്ന വിലാസത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിക്കൊണ്ട് യു എ ഇയിൽ തൊഴിലെടുക്കുന്നവർക്ക് ഈ പദ്ധതിയുടെ വരിക്കാരാകാവുന്നതാണ്.
കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് ദുബായ് ഇൻഷുറൻസിന് കീഴിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. അച്ചടക്ക സംബന്ധമായ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും, ജോലി സ്വയം രാജിവെക്കുന്നവർക്കും ഒഴികെയുള്ളവർക്ക് ഈ പദ്ധതിയുടെ കീഴിൽ പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭ്യമാകുന്നതാണ്.
യു എ ഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക, ആനുകൂല്യങ്ങൾ എന്നിവ:
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്. 16000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം 5 ദിർഹമാണ് (പ്രതിവർഷം 60 ദിർഹം) ഈ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്ക്കേണ്ടത്.
16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് പ്രതിമാസം 10 ദിർഹമാണ് (പ്രതിവർഷം 120 ദിർഹം) ഫീസ്. ഈ ഫീസ് മാസം തോറും, അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ വർഷം തോറും എന്നിങ്ങനെ വിവിധ രീതിയിൽ അടയ്ക്കാനുള്ള സൗകര്യം നൽകുന്നതാണ്.
ഇതിൽ ആദ്യ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 10000 ദിർഹം വരെ (കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലഭിച്ചിരുന്ന അടിസ്ഥാന വേതനത്തിന്റെ അറുപത് ശതമാനമാണ് പരമാവധി ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്നത്) സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്. 16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ള രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 20000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.
താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല:
- നിക്ഷേപകരായ തൊഴിലുടമകൾ (സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ).
- ഗാർഹിക ജീവനക്കാർ.
- താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ.
- പതിനെട്ട് വയസിന് താഴെ പ്രായമുളളവർ.
- പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ
Cover Image: WAM.