മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. മുസഫയിലെ ഓരോ മേഖലകളിലായി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകളുടെ ഏഴാം ഘട്ടമാണ് ഇത്.
ജൂൺ 9-നു രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്. മുസഫയിലെ ബ്ലോക്ക് 42, ബ്ലോക്ക് 43 എന്നീ മേഖലകളിലാണ് ഏഴാം ഘട്ടത്തിൽ COVID-19 ടെസ്റ്റിംഗ് നടപടികളും, ശുചീകരണ പ്രക്രിയകളും നടപ്പിലാക്കുന്നത്.
DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബ്ലോക്ക് 42, 43 എന്നീ മേഖലകളിലെ എല്ലാ വിദേശ തൊഴിലാളികളെയും സൗജന്യമായി പരിശോധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫയിലെ 3, 5, 6, 23 എന്നീ ബ്ലോക്കുകളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് 10, ബ്ലോക്ക് 13 എന്നിവിടങ്ങളിലും, മൂന്നാം ഘട്ടത്തിൽ ബ്ലോക്ക് 16, 20 എന്നിവിടങ്ങളിലും, നാലാം ഘട്ടത്തിൽ ബ്ലോക്ക് 11-ലും, അഞ്ചാം ഘട്ടത്തിൽ 12, 15, 25 എന്നീ ബ്ലോക്കുകളിലും, ആറാം ഘട്ടത്തിൽ ബ്ലോക്ക് 37-ലും തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ബ്ലോക്കുകളിലേക്ക് പ്രവേശിക്കുന്നതിനു ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും വിജയത്തിനായി, കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും ബ്ലോക്ക് 42, 43 എന്നിവിടങ്ങളിലെ നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.