ബഹ്റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ ജീവനക്കാരും, അധ്യാപകരും സെപ്റ്റംബർ 6 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും, വിദ്യാർത്ഥികളുടെ അധ്യയനം സെപ്റ്റംബർ 16 മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഫവാസ് അൽ ഷൊറോക്വി വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിൽ വിദ്യർത്ഥികൾക്ക്, വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിൽ നിന്നോ, വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠന സമ്പ്രദായം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.