സൗകര്യങ്ങൾ കീഴ്‌പ്പെടുത്തുമ്പോൾ

Editorial
സൗകര്യങ്ങൾ കീഴ്‌പ്പെടുത്തുമ്പോൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

വ്യക്തികൾ തമ്മിലുള്ള എതിർപ്പുകൾ, അഭിപ്രായവ്യത്യാസങ്ങൾ, ഇഷ്ടങ്ങൾ എന്നിവ തികഞ്ഞ വിദ്വേഷത്തിലേയ്ക്ക് വഴിമാറുന്ന വാർത്തകളുടെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഒരുപക്ഷെ, കാഴ്ചയും, കേൾവിയും കൂടിയതിനാലാകാം, മനസ്സുകൾ നിയന്ത്രണാതീതമാകുന്നത്. കുടുംബ വഴക്കുകൾ മുതൽ പ്രണയിക്കുന്നവരുടെ ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും വരെ, ഇന്ന് ഒരു നിമിഷത്തെ ബുദ്ധിശൂന്യതകൊണ്ട് തിരുത്താനാകാത്ത അപകടങ്ങളിൽ എത്തിച്ചേരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടൽമുറിയിൽ രക്തംവാർന്ന് എഴുപുന്ന സ്വദേശിനിയായ പെൺകുട്ടി മരിച്ച സംഭവത്തിലേയ്ക്കു നയിച്ചത് സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നൽകിയ സ്മാർട്ട് ഫോൺ കാരണമാണെന്ന് കേൾക്കുമ്പോൾ, എത്രമാത്രം ഇത്തരം സൗകര്യങ്ങൾ നമ്മുടെയെല്ലാം മനസ്സിനെ സ്വാധീനിക്കുന്നു എന്ന് ആലോചിക്കാതെ തരമില്ല. അതുവരെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന യുവതി, ഫോൺ ലഭിച്ചതോടെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശിയുമായി ചാറ്റിങ് പതിവായി. അങ്ങിനെ ആ ബന്ധം അവസാനം മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല, പല വീടുകളിലും കുട്ടികളും മുതിർന്നവരും തമ്മിലുള്ള വർത്തമാനങ്ങൾ ചുരുങ്ങി എഴുത്തു പ്രതലങ്ങളിലേയ്ക്ക് മാറുന്നു, എന്നത് ഖേദകരം.

മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ സമൂഹം നേടിയെടുക്കേണ്ടതുണ്ട്. നമുക്കിഷ്ട്ടപെടാത്ത ഏതെങ്കിലും ഒരു കാര്യത്തെ വൈകാരിക വിക്ഷോഭത്തോടെയല്ലാതെ, സഹിഷ്ണുതയോടെ ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഓരോ കുടുംബാന്തരീക്ഷവും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. നാലാൾ കാണുന്ന സമൂഹ മാധ്യമ പ്രതലങ്ങളിലേയ്ക്ക് ഏതൊരു വ്യക്തിയ്ക്കും ഇന്ന് കടന്നു ചെല്ലാം എന്നതുകൊണ്ട് ആരെയും മാനസികമായി തകർക്കാം, മുറിവേൽപ്പിക്കാം എന്നുള്ള അർത്ഥങ്ങൾ അതിനു കൊടുക്കരുത്.

വൈകാരിക അച്ചടക്കം നമ്മൾ ശീലിച്ചേ മതിയാകൂ, കാരണം ഓരോ ദിവസവും വാർത്തകളിൽ ഇത്തരം പെട്ടന്നുള്ള വൈകാരിക വിക്ഷോഭങ്ങൾകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നമ്മൾ വായിക്കേണ്ടിവരുന്നത് അപകടത്തിന്റെ തോത് ഘനപ്പെട്ടു വരുന്നതിന്റെ അടയാളമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ മനസ്ഥിതിയ്ക്ക് മാറ്റം വരുത്തണമെങ്കിൽ ഒരു ദിവസം എത്ര സമയം നാം മൊബൈൽ ഫോണിൽ മിന്നിമായുന്ന കാഴ്ചകളിൽ മനസ്സുകളെ തളച്ചിടുന്നു എന്ന് ചിന്തിച്ചാൽ മതിയാകും. അത്യാവശ്യത്തിനായി കരുതേണ്ടുന്ന ജീവിത സൗകര്യങ്ങളെ ആവശ്യം വേണ്ടുന്ന ഒന്നായി കരുതുന്ന നമ്മുടെ ജീവിത രീതിയാണ് ഈ അസഹിഷ്ണുതയ്ക്ക് ആധാരം എന്ന് നാം ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *