ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു…

Editorial
ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു… – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ജാഗ്രതാ മന്ത്രങ്ങൾ വെറും അറിയിപ്പുകളിലും, കടലാസ്സുകളിലും ഒതുങ്ങുന്നതാണ് ഇന്ന് നമ്മുടെ സംസ്ഥാനം COVID-19 പ്രതിരോധത്തിൽ അടിപതറുന്നതിന്റെ അടിസ്ഥാന കാരണമെന്ന് തോന്നുന്നു. ആരോഗ്യ സംവിധാനങ്ങളെയും, പോലീസിനെയും പഴിചാരുന്നതിനു പകരം, ഈ കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണെന്ന ഒരു ഉണർവ്വ് നമ്മളിൽ നഷ്ടപ്പെടുന്നില്ലേ എന്ന് ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം ഒരു പരിധിവരെ പൊതുജന അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണ്. വാഹനമോടിക്കുമ്പോൾ പോലീസിനെ ഭയന്ന് ഹെൽമെറ്റ് വയ്ക്കുന്നത് പോലെ, പോലീസ് ഭയംകൊണ്ട് മാസ്ക് ധരിക്കുന്ന ആളുകൾ അവരവരുടെ സുരക്ഷയ്ക്കാണ് ഈ മുൻകരുതലുകൾ എന്ന സത്യത്തെ മറന്നുപോകുന്നു. ക്വാറന്റൈൻ ലംഘനവും, സാമൂഹിക അകലം പാലിക്കുന്നതിലെ പൊരുത്തക്കേടുകളും രോഗവ്യാപനം കൂടുന്നതിന് കാരണമാകുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രതയ്ക്ക് വലിയ തോതിൽ ഇടിവുവന്നതാണ് ഇന്ന് രോഗവ്യാപനത്തിനുള്ള കാരണം. ആവശ്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്നും പൊതുനിരത്തിൽ ഇറങ്ങി നടക്കുന്നവർ അവരവരുടെ വീടുകളിലുള്ളവർക്ക് കൂടി ഭീഷണിയായി മാറുന്ന കാഴ്ചയാണ് ദിനവും കാണുന്നത്.

COVID-19 പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട പോലീസുകാരിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്ക് COVID WARRIOR പുരസ്ക്കാരം നൽകാനുള്ള തീരുമാനവും, COVID-19 അവബോധത്തിന്റെ ഭാഗമായി പോലീസ് മാവേലിയുടെ വേഷത്തിൽ ജനങ്ങളുമായി സംവദിക്കുന്ന ആശയവും, അങ്ങിനെ പലതരത്തിലും ബോധവൽക്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെങ്കിലും, പൊതുജനം കുറച്ചുകൂടി സ്വയം ചിന്തിക്കേണ്ടതിന്റെ ആവശ്യകത ഈ ഘട്ടത്തിലും ഓർമ്മപ്പെടുത്തേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്. ഓരോ ദേശവും, രാജ്യവും ഇന്ന് ഏറെ നഷ്ടങ്ങൾ സഹിച്ചും ഈ മഹാമാരിയുടെ മുന്നിൽ അടിപതറാതെ പിടിച്ചു നില്ക്കാൻ ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ഇത്രയും സങ്കീർണമായി മുന്നോട്ട് പോകുമ്പോൾ, ഈ പ്രതിസന്ധിഘട്ടം മറികടക്കുന്നതിൽ നമ്മൾ ഓരോരുത്തരുടെയും കരുതലും, ജാഗ്രതയും കൂടിയേ മതിയാകൂ. സ്വയം ശ്രദ്ധയർപ്പിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിൽ ശ്രമകരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്ന് നമ്മൾ ഓരോരുത്തരും ഓർക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *