COVID-19 വാക്സിൻ പരീക്ഷണം: BIECC-യിൽ നേരിട്ടെത്തി സന്നദ്ധസേവകരാകാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്ക്ചേരാൻ താത്പര്യമുള്ളവർക്ക്, ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIECC) നേരിട്ടെത്തി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സന്നദ്ധസേവകരാകാൻ താത്‌പര്യമുള്ളവർക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ BIECC-ൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്. കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുക.

https://twitter.com/MOH_Bahrain/status/1296899839364599809

ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്കാണ് വാക്സിൻ നൽകാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നത്.

COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മറിയം അൽ ഹജ്‌രി ഓഗസ്റ്റ് 10-ന് അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിലും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്.

തുടർന്ന് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു.