2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റുകൾ നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.
പുതിയ അധ്യയന വർഷത്തിൽ, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
- എല്ലാ പൊതു വിദ്യാലയങ്ങളിലെയും ജീവനക്കാർക്ക്, കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കുന്നതിനായി പൊതു ആരോഗ്യ മന്ത്രാലയവും, ഹമദ് മെഡിക്കൽ കോർപ്പറേഷനും ചേർന്ന് അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപായി ടെസ്റ്റുകൾ നടത്തുന്നതാണ്.
- സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയുമായി ചേർന്ന് COVID-19 ടെസ്റ്റുകൾ നടത്തുന്നതാണ്.
- ആദ്യം അധ്യാപകർക്കും, പിന്നീട് മറ്റു ജീവനക്കാർക്കും എന്ന നിലയിലാണ് പരിശോധനകൾ നടപ്പിലാക്കുന്നത്.
എല്ലാ വിദ്യാലയങ്ങളോടും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിലും, 2020-2021 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്ന സമ്മിശ്ര രീതിയിലുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രാലയം ഓഗസ്റ്റ് 20-നു അറിയിച്ചിരുന്നു.