2020 ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി. രാജ്യത്തേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലും, വിമാനത്താവളത്തിലും നടപ്പിലാക്കുന്നതിനുള്ള സുരക്ഷാ നിബന്ധനകളും, യാത്രികർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും PCR പരിശോധനകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇവയുടെ ഫലം ലഭിക്കുന്നതിന് ഏഴു ദിവസം വരെ താമസമുണ്ടാകാമെന്നും, ഇത്തരത്തിൽ ഒമാനിലെത്തുന്ന എല്ലാ യാത്രികർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ നടപ്പിലാക്കുമെന്നും CAA വ്യക്തമാക്കി. ഒമാനിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രികർക്കും 30 ദിവസത്തെ സാധുതയുള്ള, COVID-19 ചികിത്സാ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ നിരീക്ഷണത്തിനായി യാത്രികർ കൈയിൽ ധരിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കേണ്ടതാണെന്നും CAA അറിയിപ്പിൽ പറയുന്നു. ഒമാനിലേക്കെത്തുന്ന വിദേശികൾക്ക് 14 ദിവസത്തെ ഇന്സ്ടിട്യൂഷണൽ ക്വാറന്റീനാണ് CAA നിർദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം ഒമാനിലെത്തുന്ന വിദേശികൾ അവരുടെ ക്വാറന്റീൻ കാലാവധിയിൽ താമസിക്കുന്നതിനായി ഏർപ്പെടുത്തിയ ഹോട്ടൽ റിസർവേഷൻ ഹാജരാക്കേണ്ടതും, ക്വാറന്റീൻ ചെലവുകൾ വഹിക്കേണ്ടതുമാണ്.
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പെർമിറ്റ് ലഭിച്ചിട്ടുള്ള വിദേശികൾക്കാണ് ഒമാനിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളതെന്നും CAA കൂട്ടിച്ചേർത്തു. ഇത്തരം പെർമിറ്റുകൾക്കായി ഓരോ രാജ്യങ്ങളിലെയും ഒമാൻ എംബസികളിലൂടെയോ, ഒമാനിലെ തൊഴിലുടമകൾ വഴിയോ, ഒമാൻ വിമാനക്കമ്പനികളായ ഒമാൻ എയർ, സലാം എയർ എന്നിവയിലൂടെയോ അപേക്ഷിക്കാവുന്നതാണ്.
മറ്റു ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:
- വിമാനത്താവളങ്ങളിൽ സമൂഹ അകലം മുഴുവൻ സമയവും പാലിക്കേണ്ടതാണ്.
- രാജ്യത്ത് പ്രവേശിക്കുന്നവർ, ‘Tarassud Plus’ എന്ന ഒമാനിലെ COVID-19 ട്രാക്കിംഗ് ആപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
- വിമാനത്താവളങ്ങളിൽ ഒരു ഹാൻഡ് ബാഗേജ്, ഒരു ഡ്യൂട്ടി ഫ്രീ ബാഗ് എന്നിവ മാത്രമാണ് ഓരോ യാത്രികർക്കും കൊണ്ടുവരുന്നതിന് അനുവാദമുള്ളത്.
- എല്ലാ യാത്രികരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല.
- യാത്രികരെ സ്വീകരിക്കാനെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ അനുവാദം നൽകുന്നതല്ല. ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇതിൽ ഇളവുകൾ നൽകുന്നത്.
- വിമാനസമയത്തിനു ചുരുങ്ങിയത് മൂന്ന് മണിക്കൂർ മുൻപ് യാത്രികർ വിമാനത്താവളങ്ങളിലെത്തേണ്ടതാണ്. വിമാനസമയത്തിനു പരമാവധി നാലുമണിക്കൂർ മുൻപ് മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുക.
- വിമാനത്താവളങ്ങളിലും, വിമാനയാത്രയിലുടനീളവും മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി സെപ്റ്റംബർ 7-നു അറിയിച്ചിരുന്നു.