ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധം

GCC News

വിദേശരാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ, രാജ്യത്തെത്തിയ ശേഷം ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധമായും നടത്തേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നവർ ഏഴു ദിവസത്തെ ക്വാറന്റീൻ നടപടികൾ പൂർത്തിയാക്കുന്നതുവരെയും, ആറാം ദിവസത്തെ PCR നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെയും ഇവരുടെ COVID-19 ട്രാക്കിങ് ആപ്പ് സ്റ്റാറ്റസ് മഞ്ഞ നിറത്തിൽ തുടരുമെന്നും മന്ത്രലയം അറിയിച്ചു.

ഇത്തരത്തിൽ ആറാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിച്ച ശേഷം മാത്രമാണ് ഇവർക്ക് ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രവേശിച്ചശേഷം ക്വാറന്റീനിൽ തുടരുന്നവർക്ക് ആറു ദിവസങ്ങൾക്ക് മുൻപ് PCR ടെസ്റ്റ് അനുവദനീയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് സമൂഹത്തിലേക്ക് വൈറസ് പകരുന്നത് തടയുന്നതിനായാണ് ഈ നടപടി. ഖത്തർ എയർവേസ് നൽകുന്ന ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ (https://www.qatarairways.com/en/travel-alerts/requirements.html) പ്രകാരം ഇന്ത്യയിൽ നിന്ന് എത്തുന്ന യാത്രികർക്കും ഈ നിബന്ധന ബാധകമാണ്.

രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്. ഇത്തരം യാത്രികർ ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടർന്നുകൊള്ളാം എന്ന പ്രതിജ്ഞാപത്രം ഒപ്പിട്ടു നൽകുകയും വേണം. ആറാം ദിവസം ഇവർക്ക് ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർക്ക് വീണ്ടും ഒരു ആഴ്ച്ച കഴിയുന്നതോടെ ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതുമാണ്.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ആ രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ, അത്തരം കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനുള്ളിൽ ലഭ്യമായ COVID-19 നെഗറ്റീവ് റിസൾട്ടുമായി ഖത്തറിൽ പ്രവേശിക്കാവുന്നതാണ്. ഇത്തരം രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്രികർ ഖത്തറിൽ പ്രവേശിച്ച ശേഷം ഒരാഴ്ച്ച സ്വന്തം ചെലവിൽ അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ ക്വാറന്റീനിൽ തുടരേണ്ടതാണ്.

രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് COVID-19 നെഗറ്റീവ് റിസൾട്ടുമായോ, അല്ലാതെയോ എത്തുന്ന ഈ രണ്ട് വിഭാഗം യാത്രികർക്കും ആറു ദിവസത്തെ ക്വാറന്റീനിനു ശേഷം, ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർ വീണ്ടും ഒരു ആഴ്ച്ച കൂടി ഹോം ക്വാറന്റീനിൽ തുടരേണ്ടതുമാണ്.

നിലവിൽ 41 രാജ്യങ്ങളെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.