അന്താരാഷ്ട്ര യാത്രികരുടെ ക്വാറന്റീൻ, ടെസ്റ്റിംഗ് നടപടികളിൽ അബുദാബി മാറ്റങ്ങൾ വരുത്തി; ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നിർബന്ധമാക്കി

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 ടെസ്റ്റിംഗ്, ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബിയിലേക്ക് മടങ്ങിയെത്തുന്ന യാത്രികർക്കുള്ള കൊറോണ വൈറസ് പരിശോധന, ക്വാറന്റീൻ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ സെപ്റ്റംബർ 17, വ്യാഴാഴ്ച്ച രാത്രി പുറത്തുവിട്ട അറിയിപ്പിൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ട് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ:

  • COVID-19 PCR പരിശോധന നടത്തേണ്ടതാണ്.
  • ഇതിനു ശേഷം ക്വാറന്റീൻ സംവിധാനത്തിന് കീഴിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവർക്ക് കൈയിൽ ധരിക്കുന്ന ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നൽകുന്നതാണ്.
  • ക്വാറന്റീനിൽ തുടരുന്ന 14 ദിവസവും ഈ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്.
  • പന്ത്രണ്ടാം ദിനത്തിൽ വീണ്ടും PCR പരിശോധന നടത്തേണ്ടതാണ്.
  • ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന പക്ഷം, പതിനാലാം ദിനത്തിൽ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്യുന്നതാണ്.

മറ്റു എമിറേറ്റുകളിലൂടെ അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള നിർദ്ദേശങ്ങൾ:

വിദേശത്തു നിന്നെത്തി 14 ദിനത്തിൽ താഴെ മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിർദ്ദേശം:

  • PCR പരിശോധന നിർബന്ധമാണ്.
  • ഇതിനു ശേഷം ക്വാറന്റീൻ സംവിധാനത്തിന് കീഴിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവർക്ക് കൈയിൽ ധരിക്കുന്ന ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നൽകുന്നതാണ്.
  • ഇവർക്ക് അബുദാബിയിൽ ക്വാറന്റീനിൽ തുടരേണ്ട കാലാവധിയിൽ നിന്ന് മറ്റു എമിറേറ്റിൽ താമസിച്ച ദിനങ്ങൾ ഒഴിവാക്കാവുന്നതാണ്. (ഉദാഹരണമായി, ഒരാൾ 2 ദിവസം മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷമാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്നതെങ്കിൽ, അബുദാബിയിലെത്തിയ ശേഷം 12 ദിവസം മാത്രം ക്വാറന്റീനിൽ തുടർന്നാൽ മതി. ക്വാറന്റീനിൽ തുടരുന്ന മുഴുവൻ ദിനങ്ങളിലും ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്.
  • പന്ത്രണ്ടാം ദിനത്തിൽ വീണ്ടും PCR പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന പക്ഷം, പതിനാലാം ദിനത്തിൽ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്യുന്നതാണ്.

വിദേശത്തു നിന്നെത്തി 14 ദിനത്തിൽ കൂടുതൽ മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിർദ്ദേശം:

  • ഇത്തരം യാത്രികർക്ക് അബുദാബിയിൽ പ്രവേശിച്ച ശേഷമുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.
  • ഇത്തരക്കാർക്ക് 48 മണിക്കൂർ സാധുതയുള്ള PCR അല്ലെങ്കിൽ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. അബുദാബിയിൽ പ്രവേശിച്ച ശേഷം, ആറാം ദിനത്തിൽ ഒരു തവണ കൂടി PCR ടെസ്റ്റിംഗ് നടത്തേണ്ടതാണ്.

വിദേശത്തു നിന്ന് നേരിട്ട് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ഉടൻ തന്നെ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ:

  • അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു 96 മണിക്കൂറിനുള്ളിൽ നടത്തിയ PCR നെഗറ്റീവ് റിസൾട്ടുമായി എമിറേറ്റിലെ വിമാനത്താവളത്തിലെത്തുന്നവർക്ക്, DPI ടെസ്റ്റ് നടത്തേണ്ടതാണ്.
  • 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR റിസൾട്ട് ഇല്ലാത്തവർക്ക്, എമിറേറ്റിൽ പ്രവേശിച്ച ഉടൻ PCR ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഫലം ലഭിക്കുന്നത് വരെ ഈ യാത്രികർ എയർപോർട്ടിൽ തുടരേണ്ടതാണ്.
  • ഇത്തരത്തിൽ അബുദാബി വിമാനത്താവളത്തിലൂടെ മറ്റു എമിറേറ്റുകളിലേക്ക് സഞ്ചരിക്കുന്നവർ, അവരുടെ ഫോൺ വിവരങ്ങൾ, ഏതു എമിറേറ്റിലേക്കാണോ യാത്രയാകുന്നത്, അവിടെയുള്ള പൂർണ്ണമായ വിലാസം എന്നിവ സഹിതം ഒരു സാക്ഷ്യപത്രം ഒപ്പിട്ട് നൽകേണ്ടതാണ്.

ക്വാറന്റീൻ കേന്ദ്രങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ:

അബുദാബിയിലേക്ക് പ്രവേശിക്കുന്ന ഓരോ യാത്രികർക്കും ക്വാറന്റീനിൽ തുടരേണ്ട ഇടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ വിലയിരുത്തലുകൾക്ക് ശേഷം നിർദ്ദേശം നൽകുന്നതാണ്. ഇത് അധികൃതരുടെ നിഗമനങ്ങൾക്കനുസരിച്ച് വീടോ, ഹോട്ടലോ, അല്ലെങ്കിൽ പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളോ ആകാമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

https://twitter.com/admediaoffice/status/1306633740848951296

അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ ശുപാർശ ചെയ്തിട്ടുള്ള പിഴ ഉൾപ്പടെയുള്ള കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.