എമിറേറ്റിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിനായി അബുദാബി മീഡിയ ഓഫീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. വിദേശത്തു നിന്ന് അബുദാബിയിലേക്കെത്തുന്ന യാത്രികരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി, അബുദാബി ആരോഗ്യ വകുപ്പ് എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ സമഗ്രമായ അറിയിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 ടെസ്റ്റിംഗ്, ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സെപ്റ്റംബർ 17, വ്യാഴാഴ്ച്ച രാത്രി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകുന്നതിനായാണ് മീഡിയ ഓഫീസ് ഈ അറിയിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുള്ളത്.
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടികൾ:
മറ്റു രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ തുടരേണ്ടതുണ്ടോ?
അബുദാബിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ, സഞ്ചാരികൾ, പ്രവാസികൾ തുടങ്ങി മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഈ തീരുമാനം, നേരിട്ട് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കും, യു എ ഇയുടെ മറ്റു എമിറേറ്റുകളിലൂടെ പ്രവേശിക്കുന്നവർക്കും ബാധകമാണ്.
കൈയിൽ ധരിക്കുന്ന ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം എങ്ങിനെ ലഭിക്കും? ഇതിനു പ്രത്യേക ചെലവ് വരുന്നതാണോ?
അബുദാബിയുടെ പ്രവേശനകവാടങ്ങളിലുള്ള, ഇതിനായി ചുമതലപ്പെടുത്തിയ അധികൃതർ എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നൽകുന്നതാണ്. യാത്രികർ ഇതിനായി പണം നൽകേണ്ടതില്ല.
എന്തിനാണ് ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം കൈയിൽ ധരിക്കുന്നത്?
ഹോം ക്വാറന്റീനിലുള്ളവർ കൃത്യമായി ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ഉപയോഗിക്കുന്നത്. ഇത് രോഗവ്യാപനം തടയാനും, സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും സഹായിക്കുന്നു.
യാത്രികരെ എവിടെയാണ് ക്വാറന്റീൻ ചെയ്യുന്നത്?
വീടുകളിൽ ക്വാറന്റീൻ ആവശ്യപെടുന്നവരുടെ താമസ സൗകര്യങ്ങൾ അധികൃതർ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇതിനു അനുവാദം നൽകുന്നത്. തനിയെ താമസിക്കുന്നവർക്ക് ഹോം ക്വാറന്റീൻ നിർദ്ദേശിക്കുന്നതാണ്. ഹോം ക്വാറന്റീൻ പ്രായോഗികമല്ലെന്ന് അധികൃതർ കണ്ടെത്തുന്നവർക്ക് ഹോട്ടൽ/ അല്ലെങ്കിൽ പ്രത്യേക ക്വാറന്റീൻ കേന്ദ്രത്തിൽ ക്വാറന്റീനിൽ തുടരേണ്ടി വരുന്നതാണ്.
മറ്റുള്ളവരുടെ കൂടെയോ, കുടുംബമായോ താമസിക്കുന്നവർക്ക് 14 ദിവസം അധികൃതർ നിർദ്ദേശിക്കുന്ന പ്രത്യേക ഇടങ്ങളിൽ ക്വാറന്റീനിൽ തുടരേണ്ടി വരുന്നതാണ്. ഒരുമിച്ച് യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് വീടുകളിൽ ക്വാറന്റീൻ അനുവദിക്കുന്നതാണ്.
മറ്റു എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലൂടെ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് എന്തെല്ലാം നിർദ്ദേശങ്ങളാണുള്ളത്?
14 ദിവസത്തെ ക്വാറന്റീൻ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രികർക്കും ബാധകമാണ്. നേരിട്ട് അബുദാബിയിലെ വിമാനത്താവളത്തിലൂടെയും, മറ്റു എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കുന്നവർക്ക് ഈ നിർദ്ദേശം ബാധകമാണ്.
വിദേശത്തു നിന്ന് മറ്റു എമിറേറ്റുകളിലെത്തി അവിടെ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് എത്ര ദിവസത്തെ ക്വാറന്റീൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്?
വിദേശത്തു നിന്നെത്തി മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക്, മറ്റു എമിറേറ്റിൽ താമസിച്ച ദിനങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. ഉദാഹരണമായി, ഒരാൾ 10 ദിവസം മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷമാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്നതെങ്കിൽ, അബുദാബിയിലെത്തിയ ശേഷം 4 ദിവസം മാത്രം ക്വാറന്റീനിൽ തുടർന്നാൽ മതി. ക്വാറന്റീൻ കാലാവധി അവസാനിച്ച ശേഷവും യാത്രികർ എമിറേറ്റിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
14 ദിവസത്തിൽ താഴെ മാത്രം അബുദാബിയിൽ താങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് എന്തെങ്കിലും ഇളവുകൾ ലഭിക്കുന്നതാണോ?
അബുദാബിയിൽ പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമായതിനാൽ, യാത്രികർ തങ്ങളുടെ യാത്രാ കാലാവധി അതിനനുസരിച്ച് ചിട്ടപ്പെടുത്തേണ്ടതാണ്.
വിദേശത്തു നിന്ന് നേരിട്ട് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ഉടൻ തന്നെ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് എന്തെല്ലാം നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്?
അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു 96 മണിക്കൂറിനുള്ളിൽ നടത്തിയ PCR നെഗറ്റീവ് റിസൾട്ടുമായി എമിറേറ്റിലെ വിമാനത്താവളത്തിലെത്തുന്നവർക്ക്, DPI ടെസ്റ്റ് നടത്തേണ്ടതാണ്. 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR റിസൾട്ട് ഇല്ലാത്തവർക്ക്, എമിറേറ്റിൽ പ്രവേശിച്ച ഉടൻ PCR ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഫലം ലഭിക്കുന്നത് വരെ ഈ യാത്രികർ എയർപോർട്ടിൽ തുടരേണ്ടതാണ്. ഇത്തരത്തിൽ അബുദാബി വിമാനത്താവളത്തിലൂടെ മറ്റു എമിറേറ്റുകളിലേക്ക് സഞ്ചരിക്കുന്നവർ, അവരുടെ ഫോൺ വിവരങ്ങൾ, ഏതു എമിറേറ്റിലേക്കാണോ യാത്രയാകുന്നത്, അവിടെയുള്ള പൂർണ്ണമായ വിലാസം എന്നിവ സഹിതം ഒരു സാക്ഷ്യപത്രം ഒപ്പിട്ട് നൽകേണ്ടതാണ്.
14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടോ?
14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ എന്തെങ്കിലും പ്രത്യേക കാരണങ്ങളാൽ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, മറ്റു എമിറേറ്റുകളിൽ തുടരുന്ന ദിനങ്ങൾ ക്വാറന്റീൻ കാലാവധിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.
ക്വാറന്റീൻ കാലാവധിയിൽ എവിടെയെല്ലാം സഞ്ചരിക്കുന്നതിനാണ് അനുവാദം നൽകിയിട്ടുള്ളത്?
ക്വാറന്റീൻ കാലാവധി നിശ്ചയിച്ചിട്ടുള്ളത് സമൂഹത്തിന്റെ മുഴുവൻ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ്. അതിനാൽ 14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ, നിങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്വാറന്റീൻ കേന്ദ്രങ്ങളിൽ (വീട്, ഹോട്ടൽ, അല്ലെങ്കിൽ പ്രത്യേക കേന്ദ്രം) തന്നെ തുടരേണ്ടതാണ്.
ക്വാറന്റീൻ കാലാവധിയിൽ മറ്റൊരു എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം യു എ ഇയിൽ നിന്ന് തിരികെ മടങ്ങുന്നതിനായി അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്ക് എന്തെല്ലാം നിർദ്ദേശങ്ങളാണുള്ളത്?
ക്വാറന്റീൻ കാലാവധിയിൽ അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റിലേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്ത് നിന്ന് മടങ്ങുന്നതിനായി അബുദാബിയിലേക്ക് തിരികെ പ്രവേശിക്കേണ്ടവർക്ക്, പുതിയതായി നടത്തിയ COVID-19 പരിശോധനയുടെ നെഗറ്റീവ് റിസൾട്ട്, അബുദാബിയിൽ നിന്ന് മടങ്ങുന്നതിനുള്ള യാത്രാ ടിക്കറ്റ് എന്നിവ ഹാജരാക്കുന്ന പക്ഷം പ്രവേശനം അനുവദിക്കുന്നതാണ്.
14 ദിവസത്തെ ക്വാറന്റീൻ കാലാവധി അനുസരിക്കാതിരിക്കുകയോ, ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം കൈയിൽ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുകയോ ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന നടപടികൾ എന്തൊക്കെയാണ്?
കൈയിൽ ധരിക്കുന്ന ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം ക്വാറന്റീൻ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായാണ് ഏർപെടുത്തിയിട്ടുള്ളത്. ഇവ സംബന്ധിച്ച നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ ശുപാർശ ചെയ്തിട്ടുള്ള പിഴ ഉൾപ്പടെയുള്ള കർശനമായ നിയമ നടപടികൾ എടുക്കുന്നതാണ്.
അടിയന്തിരമായ സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധി അവസാനിപ്പിക്കേണ്ടിവന്നാൽ എന്തെല്ലാം നടപടികളാണ് നേരിടേണ്ടി വരുന്നത്?
തീർത്തും ഒഴിവാക്കാനാകാത്ത കാരണത്താൽ ക്വാറന്റീൻ കാലാവധി അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇത്തരക്കാർ എന്ത് കൊണ്ടാണ് ക്വാറന്റീൻ ഒഴിവാക്കിയതെന്നും, ഇവ നീതീകരിക്കാവുന്നതാണോ എന്നും അധികൃതർ പരിശോധിക്കുന്നതാണ്.
ക്വാറന്റീനിൽ തുടരുന്ന കാലാവധിയിൽ പന്ത്രണ്ടാം ദിനത്തിൽ എന്ത് തരം പരിശോധനയാണ് നടത്തേണ്ടത്? ഇതിനുള്ള ചെലവ് ആരാണ് വഹിക്കുന്നത്?
ക്വാറന്റീനിൽ തുടരുന്ന കാലാവധിയിൽ പന്ത്രണ്ടാം ദിനത്തിൽ COVID-19 PCR പരിശോധനയാണ് നടത്തേണ്ടത്. ഇതിനു വരുന്ന ചെലവുകൾ യാത്രികർ സ്വയം വഹിക്കേണ്ടതാണ്.
പന്ത്രണ്ടാം ദിനത്തിൽ എടുക്കേണ്ട COVID-19 പരിശോധനയുടെ നടപടിക്രമങ്ങൾ എന്തെല്ലാമാണ്? പരിശോധനയ്ക്ക് എത്തുന്നതിനായി മുൻകൂർ അനുവാദം നേടേണ്ടതുണ്ടോ?
പന്ത്രണ്ടാം ദിനത്തിൽ COVID-19 ടെസ്റ്റ് നടത്തേണ്ടവരെ അബുദാബി പബ്ലിക് ഹെൽത്ത് സെന്റെറിൽ നിന്നുള്ള പ്രതിനിധികൾ ബന്ധപ്പെടുന്നതാണ്. ക്വാറന്റീനിൽ തുടരുന്നവർക്ക്, താഴെ പറയുന്ന അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ കീഴിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനുള്ള മുൻകൂർ അനുവാദം ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തിൽ ബന്ധപ്പെടുന്നത്.
- അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (Adnec) പ്രവർത്തിക്കുന്ന COVID-19 സെന്റർ.
- അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന COVID-19 സെന്റർ.
- അൽ ദഫ്‌റ ഹോസ്പിറ്റലുകൾ.
കൈയിൽ ധരിക്കുന്ന ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം എപ്പോഴാണ് നീക്കം ചെയ്യുന്നത്? ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ എന്തെല്ലാമാണ്?
COVID-19 പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, ക്വാറന്റീൻ കാലാവധിയുടെ പതിനാലാം ദിനത്തിലാണ് ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്യുന്നത്. ഇതിനായി ക്വാറന്റീനിൽ തുടരുന്നവരെ, അബുദാബി പബ്ലിക് ഹെൽത്ത് സെന്റെറിൽ നിന്നുള്ള പ്രതിനിധികൾ ബന്ധപ്പെടുന്നതാണ്. താഴെ പറയുന്ന കേന്ദ്രങ്ങളിലാണ് ഇവ നീക്കം ചെയ്യുന്നത്.
- അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (Adnec) പ്രവർത്തിക്കുന്ന COVID-19 സെന്റർ.
- അൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന COVID-19 സെന്റർ.
- അൽ ദഫ്‌റ ഹോസ്പിറ്റലുകൾ.