പൊതുമുതൽ – പൊതുജനത്തിന്റെ വിയർപ്പിന്റെ പങ്ക്

Editorial
പൊതുമുതൽ – പൊതുജനത്തിന്റെ വിയർപ്പിന്റെ പങ്ക് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പലപ്പോഴും സമരങ്ങളും, പ്രതിഷേധങ്ങളും മുറുകുമ്പോൾ നശിപ്പിക്കപ്പെടുന്നവയിൽ അധികവും പൊതുമുതലാണെന്നുള്ളത് കാലങ്ങളായി നാം വിലകുറഞ്ഞു കാണുന്ന ഒരു സത്യമാണ്. തമാശയെന്നവണ്ണം പൊതുനിരത്തിലിറങ്ങി ബസ്സിന്‌ കല്ലെറിയുകയും, പോസ്റ്റിലെ ലൈറ്റ് എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന നമ്മുടെ അഹങ്കാരപൂർണ്ണമായ കുസൃതിത്തരങ്ങൾ പലപ്പോഴും അരോചകമാകുന്നു എന്ന സത്യം നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഭരണപക്ഷത്തോടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും, വെല്ലുവിളികളും മുറുകുമ്പോൾ നമ്മുടെ ഭരണസിരാകേന്ദ്രമെന്ന് കരുതപ്പെടുന്ന നിയമസഭയിൽ പോലും പൊതുസമ്പത്തിലെ 2 ലക്ഷത്തിൽ പരം രൂപയുടെ സാധന സാമഗ്രികൾ തച്ചുടയ്ക്കപ്പെട്ടു എന്നത് രാഷ്ട്രീയം മാറ്റിവയ്ച്ചുകൊണ്ട് കേൾക്കേണ്ട വസ്തുതയാണ്.

“ഇതെല്ലാം സർക്കാർ പൈസയല്ലേ, തന്റെയൊന്നും വീട്ടിൽ നിന്നും കൊണ്ടുവന്നതല്ലല്ലോ!” എന്ന കുസൃതി ചോദ്യത്തിന് സമയം കൊടുക്കാതെ നമ്മൾ കൈപ്പറ്റുന്ന ഒരു ബസ് ടിക്കറ്റിൽ വരെ ഈ പറയുന്ന സർക്കാർ ഖജനാവിലേയ്ക്ക് ഒരു ശരാശരി പൗരൻ നല്ല ഒരു പങ്ക് നിക്ഷേപം നടത്തുന്നുണ്ട് എന്ന ബോധ്യം ഉയർന്നു വരേണ്ടതുണ്ട്. നികുതി പിരിക്കുന്നവരോളം തന്നെ നികുതിദായകർക്കും നമ്മുടെ പൊതുമുതലുകൾ നമ്മുടേതുകൂടി എന്ന പൊതുബോധം വളരേണ്ടത് അത്യാവശ്യമാണ്.

“ചട്ടിയും കാലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും” എന്ന രീതിയിൽ ഈ നഷ്ടങ്ങളെ വിലകുറച്ച് കാണുന്നത് അപകടമാണ്. കാരണം പത്തുരൂപയുടെ ഒരു പൊതുമുതൽ നശിപ്പിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കൾക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഉദാഹരണം, ഒരു പൊതുഗതാഗത സൗകര്യത്തിനു നേരെ ഉണ്ടാകുന്ന ആക്രമണം, ബാധിക്കുന്നത് ഒന്നോ രണ്ടോ ആളുകളെ അല്ല, മറിച്ച് പൊതുജനമെന്ന വലിയ സമൂഹത്തെയാണ്.

പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെ ശക്തമായ നിയമസംവിധാനങ്ങൾ രൂപീകരിക്കേണ്ടതുണ്ട്, അത് നടപ്പിലാകും എന്ന ഉറപ്പും പൊതുജനത്തിന് ലഭ്യമാക്കണം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നത് അവരെ മാത്രം കുറ്റക്കാരായി കാണുന്നത് കൊണ്ടല്ല, മറിച്ച് തെറ്റ് ചെയ്താൽ ആരായാലും നിയമനടപടികൾക്ക് വിധേയരാകണം എന്ന പൊതു ബോധം ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണ് എന്ന് നമ്മെ നയിക്കുന്നവരും, നേതാക്കളും, സർവ്വോപരി ഓരോ പൗരന്മാരും മനസ്സിലാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *