നിയമവും ചൂടും

Editorial
നിയമവും ചൂടും – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

എഴുതി എഴുതി മതിവരാത്തതുകൊണ്ടല്ല, കേൾക്കേണ്ടത് സമൂഹം വേണ്ടത്ര കേൾക്കുന്നില്ല എന്ന തോന്നലുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത്.

47 വർഷങ്ങൾക്ക് മുൻപ്, 1973 നവംബർ 27-ന് അന്നത്തെ ബോംബയിലെ കിംഗ് എഡ്‌വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കർണ്ണാടക സ്വദേശിനിയായ അരുണ എന്ന നേഴ്സ് അതിദാരുണമായി ആക്രമിക്കപ്പെടുന്നു. അവിടെയുള്ള ഒരു ഡോക്ടറുമായി വിവാഹമുറപ്പിച്ചിരുന്ന അവരുടെ ജീവിതത്തിലേയ്ക്ക് ആ ഇരുട്ട് പടരുന്നത് ഒരു രാത്രിയിലാണ്. ആശുപത്രി ജീവനക്കാരനായ സോഹൻലാൽ എന്ന മനുഷ്യമൃഗത്തിന്റെ ക്രൂരതയ്ക്ക് പാത്രമാകാവുകയായിരുന്നു അവർ. ചങ്ങലകൾകൊണ്ട് കഴുത്തിൽ ഞെരിച്ചും വേദനയുടെ അതിർവരമ്പുകൾ മറികടക്കും വിധത്തിൽ പീഡനങ്ങൾ കൊണ്ടും ആ പാവത്തിന്റെ ജീവിത സ്വപ്‌നങ്ങൾ അന്ന് ഒരു വെറിപിടിച്ച മൃഗത്താൽ ഇരുളടഞ്ഞു.

മോഷണ ശ്രമത്തിനും, കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്ത പോലീസ് സോഹൻലാലിനെ പിടികൂടി, കോടതി അയാൾക്ക് പതിനാലു കൊല്ലം ശിക്ഷയും വിധിച്ചു. എന്നാൽ കൊടിയ പീഡനത്തിനിരയായ അരുണ ഷാൻബാഗിനു ലഭിച്ച ജീവിത ശിക്ഷ അതി ധാരുണമായിരുന്നു. നീണ്ട 42 വർഷങ്ങൾ ശരീരം ഒന്നനക്കാൻ പോലും കഴിയാതെ അവർ ജീവൻ നിലനിർത്തി. 2015 മെയ് 18-ന് മരണത്തിന് കീഴടങ്ങും വരെയും അവർ സ്ത്രീകൾക്ക് എതിരെ നടക്കുന്ന ലൈംഗിക ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊണ്ടു. എന്നാൽ അരുണയുടെ ജീവിതം തച്ചുടച്ച സോഹൻലാലാകട്ടെ ശിക്ഷാനന്തരം തികഞ്ഞ മാന്യനെപ്പോലെ സകുടുംബം ജീവിതം തുടർന്നു.

ഇത്തരം കേസുകൾ നിരവധി നമുക്ക് മുന്നിലുണ്ട്, പെരുമ്പാവൂർ കേസ് പ്രതി എന്ന് കണ്ടെത്തിയ അമീറുൽ ഇസ്ലാം, ജയിൽ ഭക്ഷണം കഴിച്ച് ശരീരഭാരം 59 കിലോയിൽ നിന്ന് 71 കിലോ ആക്കിയ ഗോവിന്ദച്ചാമി മുതലായവരെ ഒറ്റപ്പെട്ട കേസുകളായി കാണരുത്. ഒരു പോക്കറ്റ് അടിക്കുന്ന ലാഘവത്തോടെ സ്ത്രീയുടെ മാനവും ജീവനും കവരുന്നവർക്ക് മാതൃകാപരമായ ശിക്ഷ വേണം. സമൂഹത്തിൽ നിന്നും ഒഴിഞ്ഞു മാറി നിലനിൽക്കുന്ന ഇത്തരം ജ്വരമുള്ളവർക്ക് തക്കതായ മരുന്ന് കൊടുക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥകളുടെ ഉത്തരവാദിത്വമാണ്.

സ്ത്രീ സുരക്ഷാ, സ്ത്രീ ശാക്തീകരണം, സ്ത്രീ സമത്വം എല്ലാം പറച്ചിലുകളിൽ ഒതുങ്ങിപോകുന്നത് മാറി, സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് വ്യക്തവും, ശാസ്‌ത്രീയമായതും, സമയബന്ധിതവുമായ ആന്വേഷണങ്ങൾ വേണ്ടത് അനിവാര്യമാണ്. 7 വയസ്സുള്ള കുരുന്നു മുതൽ 75 വയസ്സുള്ള വൃദ്ധ വരെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്, ബുദ്ധിയുള്ള പൊതുജനം അൽപ്പം മന്ദതയോടെ വായിച്ചെടുക്കുന്നത് അത്യന്തം വേദനയുളവാക്കുന്ന കാര്യമാണ്. സമൂഹത്തിൽ ഇത്തരം കൃത്യങ്ങൾ നടക്കാതിരിക്കണമെങ്കിൽ പൊതുജനബോധം, നിയമ വിദ്യാഭ്യാസം എന്നിവ എല്ലാവരിലേക്കും എത്തിച്ചേരണം. പോലീസ് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം, അടുത്തുള്ള കുറ്റകൃത്യം തടയേണ്ടത് തങ്ങളുടെ ജോലിമാത്രമല്ല, മറിച്ച് കർത്തവ്യം കൂടിയാണെന്ന് ഓർക്കണം.