സൗദി: നിർബന്ധിത തൊഴിൽ, ഭിക്ഷാടനം എന്നിവയ്ക്ക് 1 ദശലക്ഷം റിയാൽ പിഴ; 10 വർഷം തടവ്

GCC News

നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് 10 വർഷം വരെ തടവും, ഒരു ദശലക്ഷം സൗദി റിയാൽ പിഴയും ചുമത്താവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനായുള്ള നിയമങ്ങളിലെ ആർട്ടിക്കിൾ രണ്ട്, മൂന്ന് എന്നിവ പ്രകാരമാണ് നിര്‍ബന്ധിത തൊഴില്‍, ഭിക്ഷാടനം എന്നിവ ഈ നിയമപരിധിയിൽ വരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രസ്‌താവന സൗദി പ്രസ് ഏജൻസി ഓഗസ്റ്റ് 8, ശനിയാഴ്ച്ച പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്ത് നിലനിൽക്കുന്ന ശരീഅഃ നിയമങ്ങളുടെ മൗലിക തത്വങ്ങൾ അനുവര്‍ത്തിക്കുന്ന പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ എന്നും, മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണിത് ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ സ്‌പഷ്‌ടമാക്കി.

മനുഷ്യക്കടത്തിൽ ആരും ഇരയാകാതിരിക്കാനും, പ്രവാസികളുടെയും, തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നിയമനിർമ്മാണ പ്രവർത്തനങ്ങളും, നടപടികളും രാജ്യത്ത് നടപ്പിലാക്കിയതായും അധികൃതർ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനാവശ്യമായ ശക്തമായ ഇടപെടലുകൾ, അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് സൗദി നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.