യു എ ഇ: രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി പ്രത്യേക സ്റ്റാമ്പുകളുമായി എമിറേറ്റ്സ് പോസ്റ്റ്

GCC News

യു എ ഇയുടെ രക്തസാക്ഷി ദിനത്തിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. വാഹത് അൽ കരാമ എന്ന യുദ്ധ സ്മാരകസൗധം 4 വ്യത്യസ്‍ത രീതിയിൽ ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പുകൾ രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച പോരാളികളുടെ ഓർമ്മകളെ ജ്വലിപ്പിക്കാൻ ലക്ഷ്യമിടുന്നു.

അബുദാബിയിൽ സ്ഥിതി ചെയ്യുന്ന രക്തസാക്ഷി സ്മാരകം ആലേഖനം ചെയ്ത ഈ ഓരോ സ്റ്റാമ്പുകളും 3 ദിർഹം മുഖവിലയുള്ളവയാണ്.

Wahat Al Karama Stamp Sheet. (AED 24.00 per sheet) Image: Emirates Post.

“നമ്മുടെ ധീര യോദ്ധാക്കളോടുള്ള ബഹുമാനസൂചകമായും, യു എ ഇ ജനതയുടെ ഗാഢസ്‌നേഹവും, രാജ്യത്തിന്റെ മൂല്യങ്ങളും കൃത്യമായി വാഹത് അൽ കരാമയിൽ പ്രതിഫലിക്കുന്നു. രക്തസാക്ഷി ദിനത്തിന്റെ വേളയിൽ ഈ സ്മാരക സ്റ്റാമ്പുകൾ നമ്മുടെ യോദ്ധാക്കളോടുള്ള ആദരവ് പ്രകടമാക്കുന്നു.”, എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് CEO അബ്ദുല്ല എം അലശ്‌റാം വ്യക്തമാക്കി.

Wahat Al Karama Post Card. (AED 10.00 per Card) Image: Emirates Post.

4 വ്യത്യസ്ത ആലേഖനങ്ങളോട് കൂടിയ ഒരു ലക്ഷം സ്റ്റാമ്പുകളാണ് ആദ്യ ദിനം പുറത്തിറക്കിയിട്ടുള്ളത്. സ്റ്റാമ്പുകൾക്ക് പുറമെ 15 ദിർഹം മുഖവിലയുള്ള സോവനീർ ഷീറ്റ്, ഫസ്റ്റ് ഡേ കവർ, 10 ദിർഹം മുഖവിലയുള്ള പോസ്റ്റുകാർഡ് എന്നിവയും ഈ വേളയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇവ എമിറേറ്റ്സ് പോസ്റ്റ് വെബ്സൈറ്റിലൂടെയും, എമിറേറ്റ്സ് പോസ്റ്റ് സേവന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.