ഒന്നാം സെമസ്റ്ററിലെ മദ്ധ്യഘട്ട പരീക്ഷകൾക്ക് ശേഷം, വിദ്യാർഥികൾ ഊഴമിട്ട് വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന പഠന സമ്പ്രദായം നടപ്പിലാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. 2020 നവംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും, കിന്റർഗാർട്ടനുകളിലും ഈ തീരുമാനം നടപ്പിലാക്കും.
ഇതോടെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്ന രീതിയോ, അല്ലെങ്കിൽ വിദൂര വിദ്യാഭ്യാസ രീതിയോ തിരഞ്ഞെടുക്കുന്നതിന് അവസരം നൽകുന്ന നിലവിലെ സമ്പ്രദായം റദ്ദാകുന്നതാണ്.
നവംബർ 1 മുതൽ മുഴുവൻ വിദ്യാലയങ്ങളിലെയും ശരാശരി ഹാജർനില, വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ 42 ശതമാനത്തിലേക്ക് ഉയർത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഒന്നാം സെമസ്റ്ററിലെ മദ്ധ്യഘട്ട പരീക്ഷകൾക്ക് ശേഷം ആഴ്ച്ചതോറും വിദ്യാർഥികൾ ഊഴമിട്ട് നിർബന്ധമായും വിദ്യാലയങ്ങളിൽ എത്തേണ്ടതായി വരുന്നതാണ്.
മുഴുവൻ വിദ്യാർഥികളും മാറി മാറി വിദ്യാലയങ്ങളിൽ നേരിട്ട് എത്തുന്നതോടെ, സമൂഹ അകലം ഉറപ്പാക്കുന്നതിനായി ഓരോ ക്ലാസ്സിലും പരമാവധി 15 പേർ എന്ന രീതി നടപ്പിലാക്കുന്നതാണ്. വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നിർബന്ധമാണ്. ഒരു വിദ്യാർത്ഥി ഊഴമനുസരിച്ച് വിദ്യാലയത്തിൽ നേരിട്ട് എത്തേണ്ടതില്ലാത്ത ദിനങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരുന്നതാണ്.
ഓരോ വിദ്യാർത്ഥിയും വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ട ദിനങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകേണ്ടതാണ്. വിട്ടുമാറാത്ത പ്രശ്നങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക്, ഇത് സംബന്ധിച്ച മെഡിക്കൽ രേഖകൾ ഹാജരാക്കുന്ന പക്ഷം, വിദ്യാലയങ്ങളിൽ നേരിട്ട് എത്തുന്നതിൽ ഇളവ് അനുവദിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.