പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അജ്മാൻ പോലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ യു എ ഇയിലെ ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും അജ്മാൻ പോലീസ് വ്യക്തമാക്കി.
കുട്ടികളെ മുൻവശത്തെ സീറ്റിൽ ഇരുത്തി വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് നിയമപ്രകാരം 10 വയസ്സിൽ താഴെ പ്രായമുള്ളവരും, 145 സെന്റി മീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്നത് നിയമലംഘനമാണ്.
ഇതിന് പുറമെ കുട്ടികൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്ന് ഡ്രൈവർ എപ്പോഴും ഉറപ്പാക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. സെറ്റ് ബെൽറ്റ് ധരിക്കാതെ വാഹനാപകടങ്ങളിൽ പെടുന്ന കുട്ടികൾക്ക്, കെട്ടിടങ്ങളുടെ പത്താം നിലയിൽ നിന്ന് താഴേക്ക് പതിക്കുന്നതിന് സമാനമായ ആഘാതം ഏൽക്കുന്നതിനുള്ള സാധ്യത ഉള്ളതായും പോലീസ് വ്യക്തമാക്കി.
തീരെ ചെറിയ കുട്ടികളുടെ സുരക്ഷയ്ക്കായി, വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സീറ്റുകൾ ഉറപ്പാക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം നാല് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക സുരക്ഷാ സീറ്റുകൾ നിർബന്ധമാണ്.