അബുദാബി: ചെക്ക്പോയിന്റുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

UAE

എമിറേറ്റിലെ പോലീസ് ചെക്ക്പോയിന്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഗതാഗതം സുഗമമാക്കുന്നതിനും, റോഡിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനും ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊതുസമൂഹത്തെ അധികൃതർ ഓർമ്മപ്പെടുത്തി.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകളും, അവ പാലിക്കുന്നത് സംബന്ധിച്ച നടപടികളും അബുദാബി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു.

  • എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ COVID-19 നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന PCR അല്ലെങ്കിൽ DPI പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്.
  • ചെക്ക്പോയിന്റുകളിൽ എമിറേറ്റ് ഐഡി, COVID-19 നെഗറ്റീവ് റിസൾട്ട് എന്നിവ പരിശോധനയ്ക്കായി നൽകേണ്ടതാണ്.
  • ഇത്തരം പരിശോധനാ ഫലങ്ങൾ ഹാജരാക്കുന്നവർ തങ്ങളുടെ മാസ്കുകൾ കൃത്യമായി ധരിക്കേണ്ടതാണ്.
  • ചെക്ക്പോയിന്റുകളിലൂടെ പ്രവേശിക്കുന്ന കാറുകളിൽ ഡ്രൈവറെ കൂടാതെ, പരമാവധി മൂന്ന് യാത്രികർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുമതിയുള്ളത്.
  • ട്രക്ക്, അടിയന്തിര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയ്ക്കായി ഇത്തരം ചെക്ക്പോയിന്റുകളിൽ പ്രത്യേക വരികൾ ഉണ്ടായിരിക്കുന്നതാണ്.