യു എ ഇ: ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ

UAE

ഇലക്ട്രോണിക് പണമിടപാടുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. യു എ ഇ പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക സമൂഹ മാധ്യമ അകൗണ്ടുകളിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/ 2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 15 പ്രകാരം വിവരസാങ്കേതികവിദ്യകളുടെ സഹായത്തോടെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മറ്റു ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയിലെ വിവരങ്ങൾ കൃത്രിമമായി നിർമ്മിക്കുകയോ, അനുവാദമില്ലാതെ പകർത്തുകയോ, അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് തടവും, 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഇത്തരം തട്ടിപ്പുകളും, കുറ്റകൃത്യങ്ങളും നടത്തുന്നതിനായി വിവരസാങ്കേതികവിദ്യകളുടെയും, കമ്പ്യൂട്ടർ സംവിധാനങ്ങളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രോഗ്രാമുകൾ നിർമ്മിക്കുന്നവർക്കും ഇതേ ശിക്ഷകൾ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

WAM