അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സവിശേഷതകൾ നടപ്പിലാക്കുന്നു

GCC News

യാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു. ConvergentAI എന്ന സ്ഥാപനവുമായി സഹകരിച്ച്, നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്ന ഈ ‘സ്മാർട്ട് ട്രാവൽ’ സംവിധാനം വിമാനത്താവളത്തിലെ മുഴുവൻ പ്രക്രിയകളും കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്നു.

വിമാനത്താവളത്തിലുടനീളം യാത്രികരുടെ കാത്തിരിപ്പ് സമയം ഏറെ കുറയ്ക്കുന്നതിന് ഈ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ഡാറ്റ, കൃത്രിമബുദ്ധി എന്നിവ ഉപയോഗപ്പെടുത്തി വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന മുഴുവൻ യാത്രികരുടെയും പോക്കുവരവ് വിവരങ്ങളെ നിശിതമായി വിലയിരുത്തുകയും, കർശനമായി പഠനവിധേയമാക്കുകയും ചെയ്യുന്ന ഈ സംവിധാനം, ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൌണ്ടർ, യാത്രികരുടെ അറൈവൽ, ഡിപ്പാർച്ചർ സമയക്രമം മുതലായ വിവിധ ഇടങ്ങളിലെ പ്രക്രിയകൾ ഏറ്റവും കാര്യക്ഷമമാക്കുന്നു.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനം ഇത്തിഹാദ് എയർവേയ്‌സില്‍ യാത്ര ചെയ്യുന്ന തിരഞ്ഞെടുത്ത യാത്രക്കാർക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള ഏറ്റവും അനുയോജ്യമായ സമയം അവരെ അറിയിക്കുന്നതാണ്. ഇത്തരത്തിൽ യാത്രികർ എയർപോർട്ടിൽ എത്തിച്ചേരുന്നത് ക്രമാനുഗതമാക്കുന്നതിലൂടെ, തിരക്ക് ഒഴിവാക്കുന്നതിനും, സമൂഹ അകലം ഉറപ്പാക്കുന്നതിനും, കാത്തിരിക്കേണ്ടി വരുന്ന സമയം കുറയ്ക്കുന്നതിനും സാധിക്കുന്നതാണ്. ഈ സംവിധാനത്തിന്റെ പ്രവർത്തനം തുടരുന്നതിനനുസരിച്ച്, ക്രമേണ, നിർമ്മിതബുദ്ധി കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും, വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ യാത്ര കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതാണ്.

“ലോകത്തെ പ്രമുഖ വിമാനത്താവള ഗ്രൂപ്പായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യം നേടുവാന്‍ നവീകരണവും ഡിജിറ്റലൈസേഷനും പ്രധാനമാണ്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്മാർട്ട് ട്രാവൽ സിസ്റ്റം, ഭാവിയിലെ വിമാനത്താവള അനുഭവം രൂപപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാന ഘട്ടമാണ്. “, അബുദാബി വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷരീഫ് അൽ ഹാഷ്മി വ്യക്തമാക്കി.

“വിമാനത്താവളങ്ങളിലെ ക്യൂ കുറയ്ക്കുന്നത് യാത്രക്കാരുടെ ആരോഗ്യം, ക്ഷേമം, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയിൽ പ്രധാനമാണ്, അതിനാലാണ് ഞങ്ങളുടെ യാത്രക്കാരുടെ യാത്രകളെ കൃത്യമായി ക്രമപ്പെടുത്താനും അവ മെച്ചപ്പെടുത്താനും ഞങ്ങളുടെ എയർലൈൻ പങ്കാളികളുമായും കൺവെർജന്റ് AI-യുമായും ഞങ്ങൾ പ്രവർത്തിക്കുന്നത്. “, ചീഫ് ഇൻഫർമേഷൻ ഓഫീസർ ജോൺ ബാർട്ടൻ അറിയിച്ചു. “ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ബോർഡിംഗ് എന്നിവയിലൂടെ യാത്രക്കാരെ വേഗത്തിലും പരിധികളില്ലാതെയും കടത്തിവിടുന്നതിലൂടെ, ഫസ്റ്റ് റേറ്റ് ഡൈനിംഗ് മുതൽ മികച്ച ഡ്യൂട്ടി ഫ്രീ ഓഫറുകൾ വരെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വാഗ്ദാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും ആസ്വദിക്കാൻ ഞങ്ങൾ അവർക്ക് കൂടുതൽ സമയം നൽകുന്നുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ സാങ്കേതിക വിദ്യ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കുന്നത് കൊണ്ട് വിമാനക്കമ്പനികൾക്കും, ചില്ലറ വ്യാപാരികൾക്കും, വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ലഭിക്കുന്ന പ്രയോജനങ്ങൾ ഏറെയാണ്. ഈ സാങ്കേതിക വിദ്യ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. വിമാനത്താവളത്തിലെ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ നിർമ്മിതബുദ്ധി വിശകലനം ചെയ്യാൻ ആരംഭിക്കുന്നതിലൂടെ, ക്രമരഹിതമായ പ്രവർത്തനങ്ങളോ, വസ്തുക്കളോ കണ്ടെത്തുന്നതിനും, സാധ്യതയുള്ള പ്രശ്‌നങ്ങൾ വേഗത്തിലും കാര്യക്ഷമമായും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്.

WAM