‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒന്നാം വാർഷികം; ഇതുവരെ നാലര ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു

featured GCC News

ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 മാർച്ച് 13-ന് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തിനിടയിൽ ആകെ 451374 പേരാണ് ഈ മ്യൂസിയം സന്ദർശിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13-നാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്.

അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.