COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങൾക്ക് ഇതിനായി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പ്രവർത്തന മാനദണ്ഡങ്ങളും, സമഗ്രമായ പ്രവർത്തന പദ്ധതികളും തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ അടിയന്തിരമായി വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്ന ജനവിഭാഗങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതിന്റെ ഭാഗമായി അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത് ആദ്യം വാക്സിൻ ലഭിക്കുന്നതിനുള്ള മുൻഗണന നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നതിൽ മന്ത്രാലയത്തെ സഹായിക്കുന്നതിനായാണ് ഈ രജിസ്ട്രേഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ വിതരണം സംബന്ധിച്ച് തീരുമാനങ്ങൾ കൈകൊള്ളുന്നതിനും, ഓരോ മേഖലയിലും ആവശ്യമായ വാക്സിനിന്റെ അളവ് മനസിലാക്കുന്നതിനും ഈ രജിസ്ട്രേഷൻ മന്ത്രാലയത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നൽകുന്ന നടപടികൾ സുഗമമായും, കൃത്യതയോടെയും നടപ്പിലാക്കാൻ ഈ വിവരങ്ങൾ സഹായകമാണെന്നും അദ്ദേഹം അറിയിച്ചു. പൗരന്മാരുടെ എണ്ണം, പ്രവാസികളുടെ എണ്ണം, നിയമ ലംഘകരായി തുടരുന്ന പ്രവാസികളുടെ എണ്ണം മുതലായ നിരവധി വിവരങ്ങൾ ശേഖരിക്കാൻ ഇത് മന്ത്രാലയത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.